പറവൂർ : വൈപ്പിൻകരയിലെ റേഷൻകാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ വാണിയക്കാട് വെയർ ഹൗസിംഗ് ഗോഡൗണിൽ എത്തിച്ച ഉപയോഗശൂന്യമായ മൂന്ന് ലോഡ് മട്ടഅരി തിരിച്ചയച്ചു. കാലടിയിലെ സ്വകാര്യ റൈസ് മില്ലിൽ നിന്നെത്തിച്ചതായിരുന്നു അരി. തൊഴിലാളികൾ അരി ഇറക്കാൻ വിസമ്മതിച്ചു. തുടർന്ന് ഗോഡൗൺ അസിസ്റ്റന്റ് ലോഡ് പരിശോധിച്ചു ഉപയോഗശൂന്യമാണെന്ന് ബോദ്ധ്യപ്പെട്ട് മടക്കി അയക്കുകയായിരുന്നു.സർക്കാർ സംഭരിച്ച നെല്ല് മില്ലുകൾക്ക് നൽകി നിശ്ചിതഅളവിൽ അരിവാങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും പുതിയ അരി പൊതു വിപണിയിലേക്ക് പോവുകയാണ് പതിവ്. പകരം മില്ലുകളിലെ പഴകിയ അരി റേഷൻ വിതരണത്തിന് നൽകും. ഇത്തരം റൈസ് മില്ലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഉപയോഗശൂന്യമായ അരി തിരിച്ചയച്ച സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഗോഡൗൺ അസിസ്റ്റന്റിന്റെ വാദം. എന്നാൽ അരി മോശമായതിനാൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മില്ല് മാനേജർക്ക് നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്.