neet

കൊച്ചി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന് അപേക്ഷിച്ച വിദേശങ്ങളിലെ പരീക്ഷാർത്ഥികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദീകരണം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

കേന്ദ്ര ആഭ്യന്തര, വിദേശ, വ്യോമയാന മന്ത്രാലയങ്ങളെയും കോടതി ഹർജിയിൽ കക്ഷി ചേർത്തു. വിദേശത്ത് പരീക്ഷാകേന്ദ്രം തുറക്കുകയോ പരീക്ഷ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന ഹർജിയിലാണ് നിർദ്ദേശം. ഖത്തറിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസാണ് ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ഗൾഫ് രാജ്യങ്ങളിലുള്ള അപേക്ഷകർക്ക് പരീക്ഷ എഴുതാൻ അവിടെ കേന്ദ്രങ്ങൾ തുറക്കാനോ ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനോ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയും (എം.സി.ഐ) ദേശീയ പരീക്ഷ ഏജൻസിയും (എൻ.ടി.എ) ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജോയിന്റ് എൻട്രൻസ് പരീക്ഷക്ക് എൻ.ടി.എ വിദേശത്ത് സെന്റർ അനുവദിച്ചത് നീറ്റിലും വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.