building

കൊച്ചി: പതിച്ചു നൽകിയ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി സംവിധാനം സംസ്ഥാനം മുഴുവൻ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏകജാലക സംവിധാനവും പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളിൽ നിർമ്മാണങ്ങൾക്ക് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി സർട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവിട്ടിരുന്നു. ഈ സംവിധാനം കേരളം മുഴുവൻ നടപ്പാക്കണമെന്ന നിർദ്ദേശത്തിലാണ് സർക്കാർ വിശദീകരണം നൽകിയത്.

കെട്ടിടം നിർമ്മിക്കാൻ സമർപ്പിച്ച അപേക്ഷ വില്ലേജ് അധികൃതർ തള്ളിയതിനെതിരെ ഇടുക്കി മുട്ടുകാട് സ്വദേശിനി ലാലി ജോർജ് നൽകിയ ഹർജിയിലാണ് മൂന്നാറിലെ ചട്ട ഭേദഗതി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ കോടതി നിർദേശിച്ചത്.

മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിച്ചാണ് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി നിർബന്ധമാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യം മറ്റിടങ്ങളിലില്ല. നിബന്ധന നടപ്പാക്കും മുമ്പ് മൂന്നാറിന് തുല്യമായ സ്ഥിതിയുള്ള മറ്റിടങ്ങളെക്കുറിച്ച് പഠിക്കണം. സംസ്ഥാനം മുഴുവൻ നടപ്പാക്കിയാൽ പരിമിതമായ സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കുന്നവരെ ദോഷകരമായി ബാധിക്കും. ഉന്നതതല കൂടിക്കാഴ്ചകളും വിവിധ വകുപ്പുകളുമായുള്ള ചർച്ചകളും വ്യക്തമായ നയവുമില്ലാതെ തദ്ദേശ സ്വയം ഭരണ വകുപ്പിന് തീരുമാനം എടുക്കാനാവില്ല.
നിർമ്മാണ അനുമതി അപേക്ഷകൾ കെട്ടിട നിർമാണചട്ട പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കാണ് സമർപ്പിക്കുന്നത്. സെക്രട്ടറിയാണ് അനുമതി നൽകുക. ഏകജാലകം നടപ്പാക്കാൻ റവന്യു, ഫയർ ഫോഴ്‌സ്, ആർട്ട് ആൻഡ് ഹെറിട്ടേജ് കമ്മിഷൻ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുമായും ആലോചിക്കണം. ഈ വകുപ്പിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്ഥാപനങ്ങളിലില്ല. തദ്ദേശ സ്ഥാപനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കുക എളുപ്പമല്ല. അപേക്ഷകളിൽ തീർപ്പ് കല്പിക്കുന്നത് വൈകാനും കാരണമാകും. നടപടികൾ സുതാര്യമാക്കുന്നതിന് ഇന്റഗ്രേറ്റഡ് ബിൽഡിംഗ് പെർമിറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ സംവിധാനം ആരംഭിക്കാൻ സർക്കാർ നടപടി ആരംഭിച്ചി​ട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.