കൊച്ചി: വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞിനെ ആറു ദിവസത്തിന് ശേഷം കൈയിൽ വാങ്ങി പാലൂട്ടുമ്പോൾ നേപ്പാളി യുവതി സഞ്ജാ മയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിതാവിന്റെ അക്രമത്തിൽ പാതിജീവൻ പോലുമില്ലാതെ ആശുപത്രിയിലെത്തിച്ച മകളെ വ്യാഴാഴ്ചയാണ് ഒടുവിൽ കണ്ടത്.
ഉറ്റവരും ഉടയവരുമില്ലാതെ ഭാഷ പോലും അറിയാത്ത നാട്ടിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത നിസഹായാവസ്ഥയിലാണ് യുവതി. 58 ദിവസം മാത്രം പ്രായമുള്ള പിഞ്ചോമനയുടെ ജീവനായി പ്രാർത്ഥനയോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിന് മുന്നിൽ കാത്തിരിക്കുകയാണ് സഞ്ജാ മയ.
ഒരു വർഷമായി അനുഭവിച്ചു തീർത്ത വേദനകൾ മാസ്കണിഞ്ഞിട്ടും ആ മുഖത്തും കണ്ണുകളിലും വായിക്കാം. വിവാഹത്തിന്റെ പുതുമോടി മാറിയിട്ടില്ലെങ്കിലും ഒരു മനുഷ്യായുസിനുള്ളിൽ അനുഭവിക്കേണ്ട ദുഃഖവും ദുരിതവും ഈ പെൺകുട്ടി നേരിട്ടുകഴിഞ്ഞു.
മകളുടെ ജീവനെടുക്കാൻ ശ്രമിച്ച ഭർത്താവ് ഷൈജു തോമസ് ജയിലിലായതോടെ ഭർതൃവീട്ടുകാർ കൈയൊഴിഞ്ഞ സ്ഥിതിയാണ്. ബന്ധുക്കൾക്ക് കേരളത്തിലേക്ക് എത്താൻ മാർഗമില്ല. ആശുപത്രി അധികൃതരുടെ കനിവാൽ കിട്ടിയ ഭക്ഷണവും വസ്ത്രവും പരിഗണനയും താങ്ങാകുന്നു. ഭർത്താവ് ഏൽപ്പിച്ച വേദനകൾ ശരീരത്തിലും മനസിലും വിങ്ങുകയാണ്.
ഗർഭിണിയാണെന്ന് അറിഞ്ഞന്നു മുതൽ തുടങ്ങിയതാണ് ഷൈജുവിന്റെ ഉപദ്രവം. അടിവയറ്റിൽ തൊഴിച്ച് കുഞ്ഞിനെ കൊല്ലാൻ പലവട്ടം ശ്രമിച്ചു. കുഞ്ഞ് തന്റേതല്ലെന്ന പേരിലായിരുന്നു ശല്യം തുടങ്ങിയത്. പ്രസവശേഷം പെൺകുഞ്ഞെന്ന് പറഞ്ഞായി. കുഞ്ഞിനെ വലിച്ചെറിഞ്ഞ ദിവസവും പെൺകുഞ്ഞായതിനാൽ അടിച്ച് വളർത്തണമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. മുലയൂട്ടുന്നതിനിടെയും അടിച്ചിരുന്നു. കുഞ്ഞ് കരഞ്ഞാൽ തനിക്കും കിട്ടും തല്ല്. അടിയേറ്റ് സുഖമില്ലാതായ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടും കേട്ടില്ല.
കുഞ്ഞിന് ഭേദമായാൽ സ്വന്തം നാട്ടിലേക്ക് പോകാനാണ് ആഗ്രഹം. ഫേസ് ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സഞ്ജാ മയയുടെ അച്ഛനും ഷൈജുവിന്റെ സഹോദരനും പാസ്റ്ററാണ്. ഒരു വർഷം മുമ്പ് നേപ്പാളിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് അങ്കമാലിയിലായിരുന്നു ഷൈജുവിന്റെ അമ്മയ്ക്കും പെങ്ങൾക്കുമൊപ്പം വാടകയ്ക്ക് താമസം. ഫുഡ് ഡെലിവറി ജോലിയാണ് ഷൈജു ചെയ്തിരുന്നത്.