കൊച്ചി: കൊവിഡ് സാഹചര്യത്തിൽ കേരള സർവകലാശാലയുടെ എൽഎൽ.ബി ആറാം സെമസ്റ്റർ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. പരീക്ഷ എഴുതേണ്ടവർക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
അഞ്ച് ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങളുണ്ടെന്നും ഹോസ്റ്റൽ സൗകര്യം നൽകാമെന്നുമുള്ള പരീക്ഷാ കൺട്രോളറുടെ വിശദീകരണം സ്വീകരിച്ചാണ് നടപടി. പരീക്ഷ എഴുതാൻ ആർക്കെങ്കിലും കഴിഞ്ഞില്ലെങ്കിൽ പരാതി നൽകിയാൽ പരിഹരിക്കും.
മൂന്നാം വർഷ എൽഎൽ.ബി പരീക്ഷയുടെ ആറാം സെമസ്റ്റർ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയില്ലെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള 16 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. തങ്ങൾ പഠിക്കുന്ന ഗവ. ലാ കോളജ്, സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ് എന്നിവയുടെ ഹോസ്റ്റലുകൾ അടച്ചിരിക്കുകയാണ്. പരീക്ഷ മാറ്റിവയ്ക്കുകയോ പരീക്ഷ കഴിയും വരെ ഹോസ്റ്റൽ അനുവദിക്കുകയോ വേണം.
ലക്ഷദ്വീപ്, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടെന്ന് പരീക്ഷ കൺട്രാളർ അറിയിച്ചു. പരീക്ഷയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.