നാടൻ ക്ളീനിംഗ് വിപണിയിൽ ഉണർവ്
കോലഞ്ചേരി: കൊവിഡ് മൂലം ലോട്ടറിയടിച്ചത് നാടൻ ക്ളീനിംഗ് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ്.
വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്തെ പ്രാദേശിക ഉല്പന്നങ്ങൾ വിപണി പിടിച്ചു.
ടോയ്‌ലെറ്റ് ബ്രഷുകൾ, ചൂലുകൾ, ക്ലീനിംഗ് മോപ്പുകൾ, വൈപ്പറുകൾ, റൂഫ് ക്ലീനിംഗ് ബ്രഷുകൾ തുടങ്ങിവ ചൈനീസ് കമ്പനികളുടെ കുത്തകയായിരുന്നു.
ആകർഷകമായ നിറങ്ങളും, വ്യത്യസ്തമായ ഡിസൈനുകളും, വിലക്കുറവുമാണ് പെട്ടെന്ന് ഇവയെ വിപണിയിൽ താരമാക്കിയത്.
ചൈനീസ് ഉത്പന്നങ്ങൾ വിപണിയിൽ എത്താതായിട്ട് അഞ്ച് മാസത്തോളമായി. ലോക്ക് ഡൗണിനു ശേഷം കടകൾ തുറന്നപ്പോൾ സ്റ്റോക്കുണ്ടായിരുന്ന വിറ്റുപോയി. പുതിയ സ്റ്റോക്ക് എത്തിയിട്ടില്ല.
ഇത്തരം ഉല്പന്നങ്ങൾ പ്രാദേശികമായി നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന നിരവധി പേർ ചൈനീസ് കടന്നു കയറ്റത്തോടെ പണി അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ഇവരെ തേടി വീണ്ടും മൊത്ത കച്ചവടക്കാർ എത്തുകയാണ്.
തൃശൂർ കേന്ദ്രീകരിച്ചായിരുന്നു ബ്രഷുകൾ നിർമ്മിച്ചിരുന്നത്. കൊരട്ടി, ചാലക്കുടി മേഖലകളിൽ ചൂലും. കിഴക്കമ്പലം, പട്ടിമറ്റം, ചെമ്പറക്കി, വെങ്ങോല മേഖലകളിൽ വൈപ്പറുകളും ചൂലും നിർമ്മിച്ചിരുന്നു. ചൈനീസ് അധിനിവേശത്താൽ ഇവരെല്ലാം തന്നെ കച്ചവടം പൂട്ടി കെട്ടി മറ്റു തൊഴിലിലേയ്ക്ക് തിരിഞ്ഞു. ഇവർക്കാണ് കൊവിഡ് വീണ്ടും പുതിയ തൊഴിൽ മേഖല തുറന്നു കൊടുത്തത്. പൂട്ടിയ പല സ്ഥാപനങ്ങളും തുറന്നു.
അമ്പതിലധികം ചെറുതും വലുതുമായ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ കുന്നത്തുനാട് താലൂക്കിൽ തന്നെയുണ്ട്. ഇവരും കഷ്ടപ്പാടിലായിരുന്നു. പുതിയ ഓർഡറുകൾ ലഭിച്ചു തുടങ്ങിയതോടെ ഇവരും ഉണർന്നു. നിർമ്മാണ സാമഗ്രകളുടെ ക്ഷാമമാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. ചെറിയ ഇരുമ്പ് പൈപ്പുകളും, മെറ്റൽ ഷീറ്റുകളും, ബ്രഷുകൾക്കു വേണ്ട പ്ളാസ്റ്റിക് നൈലോൺ ബ്രസ്സിലുകളും എത്തുന്നത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്. ലോഡ് കൃത്യമായി എത്താത്തതാണ് പ്രശ്നം.
പ്ളാസ്റ്റിക് ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പോളി പ്രൊപ്പലീന്റെ വില അമിതമായി കൂടുന്നതും വിപണിയ്ക്ക് തിരിച്ചടിയാണ്. പെട്രോൾ വില വർദ്ധിക്കുന്നതനുസരിച്ച് ഇതിനും വില കൂടും. റിലയൻസാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.