ന്യൂഡൽഹി: അതിർത്തി സംഘർഷഭരിതമായതോടെ ചൈനീസ് ഉത്പന്നങ്ങൾ വളഞ്ഞ വഴിയിലൂടെ ഇന്ത്യയിലേക്കെത്തുന്നു. ഇന്ത്യൻ ഉപരോധങ്ങൾ മറികടക്കാൻ ഹോങ്കോംഗ് വഴിയാണ് ഇപ്പോൾ ഇറക്കുമതി. കഴിഞ്ഞ സാമ്പത്തിക വർഷം ഹോങ്കോംഗിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്തു.
ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിന് മുന്നേ തന്നെ ചൈന ഈ പാതയിലായിരുന്നുവെന്ന് വേണം കരുതാൻ. ഒരു വർഷം മുമ്പുവരെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്തായിരുന്നു ഹോങ്കോംഗ്. ഇപ്പോൾ ആറാം സ്ഥാനത്താണ്. ചൈന ഒന്നാമതും. ചൈനീസ് ഇറക്കുമതിയും ഹോങ്കോംഗ് ഇറക്കുമതിയും ചേർന്നാൽ 2020 സാമ്പത്തിക വർഷം മൊത്തം ഇന്ത്യൻ ഇറക്കുമതിയുടെ 17.34 ശതമാനം വരും.
ഇലക്ട്രോണിക്സ്, ടെലികോം, കമ്പ്യൂട്ടർ അനുബന്ധസാമഗ്രികൾ തുടങ്ങിയവയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഹോങ്കോംഗിൽ നിന്ന് ഇറക്കുമതി ചെയ്തതിൽ പകുതിയിലധികവും. 1,700 കോടി ഡോളർ മൂല്യമുള്ള ഇടപാടിൽ പകുതിയിലധികവും ഇവയായിരുന്നു.
ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനായി ഇന്ത്യ നേരത്തേ തന്നെ നീക്കം തുടങ്ങിയതിന്റെ ഭാഗമായി വേണം ഈ ചൈനീസ് തന്ത്രത്തെ വിലയിരുത്താൻ. ഇതേത്തുടർന്ന്, വ്യാപാരക്കമ്മിയും കുറഞ്ഞു. അതേസമയം, ഹോങ്കോംഗുമായി വ്യാപാരക്കമ്മി വർദ്ധിച്ചു. കഴിഞ്ഞ വർഷം വരെ ഹോങ്കോംഗിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയേക്കാൾ കുറവായിരുന്നു അവിടെ നിന്നുള്ള ഇറക്കുമതി.
ഇന്ത്യയുടെ ഇറക്കുമതി ഇടപാട്
2020 സാമ്പത്തിക വർഷം (%)
ചൈന : 13.77
അമേരിക്ക : 7.52
യു.എ.ഇ : 6.39
സൗദി അറേബ്യ : 5.67
ഇറാക്ക് : 5.01
ഹോംങ്കോംഗ് : 3.57
രാജ്യം വേണം!
ന്യൂഡൽഹി: ചൈനീസ് ഇറക്കുമതിയെ നിയന്ത്രിക്കാൻ ഇ-കൊമേഴ്സിലൂടെ വിൽക്കുന്ന ഉത്പന്നം ഏത് രാജ്യത്ത് നിർമ്മിച്ചതാണെന്ന് രേഖപ്പെടുത്തൽ നിർബന്ധമാക്കും. ഇ-കൊമേഴ്സ് കമ്പനികളുടെ യോഗം ഇതിനായി കേന്ദ്രസർക്കാർ ഉടനെ വിളിച്ചുകൂട്ടും. പുതിയ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുമ്പോൾ അതെവിടെ നിർമ്മിച്ചെന്നത് ഇനി പോർട്ടലിൽ സൂചിപ്പിക്കേണ്ടി വരും. വ്യവസായ, ആഭ്യന്തര വ്യാപാര വികസന വകുപ്പാണ് ആമസോൺ, ഫ്ളിപ്കാർട്ട്, സ്‌നാപ് ഡീൽ തുടങ്ങിയ പ്രമുഖ ഓൺലൈൻ കമ്പനികളുടെ യോഗം വിളിക്കുന്നത്.
ചൈനീസ് ഉത്പന്ന ബഹിഷ്കരണ വികാരം രാജ്യത്ത് വളരുമ്പോൾ ഇത്തരമൊരു നീക്കം നിരവധി ചൈനീസ് കമ്പനികളെയും ഇന്ത്യൻ കമ്പനികളെയും പ്രതിസന്ധിയിലാക്കും. പല ഇന്ത്യൻ കമ്പനികളും അവരുടെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് ചൈനയിലാണ്. നിലവിൽ ഇ-കൊമേഴ്സുകാരുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പതിനായിരക്കണക്കിന് ഉത്പന്നങ്ങളുടെ രാജ്യം ഏതെന്ന് രേഖപ്പെടുത്തലും വലിയ പണിയാണ്.