കിഴക്കമ്പലം: പ്രവർത്തനമില്ലാതെ കിടക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വർഷങ്ങളായി കൊച്ചി നഗരത്തിലെയും മറ്റും പ്രദേശങ്ങളിൽ നിന്നും എത്തിക്കുന്ന മാലിന്യങ്ങൾ വൻതോതിൽ ഒരു നിയന്ത്റണങ്ങളുമില്ലാതെ തള്ളുകയാണ്. ഇക്കാരണത്താൽ സംസ്കരണമില്ലാതെ ചീഞ്ഞുനാറി പ്രദേശത്ത് രൂക്ഷമായ മാലിന്യ പ്രശ്‌നമാണ് ഉണ്ടാകുന്നത്. പ്ലാന്റിൽ തള്ളുന്ന മാലിന്യങ്ങൾ സമീപത്തെ കടമ്പ്രയാറിലേക്കു ഒഴുകുന്നതും പതിവ് കാഴ്ചയാണ്. ഇക്കാരണത്താൽ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യങ്ങൾ നിറഞ്ഞു. നാടൊട്ടുക്കും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ പ്രദേശത്തെ അവഗണിച്ചതായി നാട്ടുകാർ പറയുന്നു. കൊവിഡ് ഭീതിയൽ നാടും നഗരവും ജാഗ്രതയോടെ കഴിയുമ്പോഴാണ് ഇത്തരത്തിൽ കിഴക്കമ്പലം, കുന്നത്തുനാട്, പുത്തൻകുരിശ് പഞ്ചായത്തുകളിലേയും കളമശേരി മുനിസിപ്പാലിറ്റിയിലും ഉൾപ്പെട്ട പതിനായിരക്കണക്കിന് ജനങ്ങൾക്ക് ഭീക്ഷണിയായി പ്രവർത്തനക്ഷമമല്ലാത്ത മാലിന്യ സംസ്കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ പ്ലാന്റിന്റെ അപാകതകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.പി.കെ ഷിബു, മുരളി കോയിക്കര, ഒ.എം അനിൽ, ടി.എ ഉണ്ണി എന്നിവർ പ്രസിഡന്റിനോടൊപ്പം പ്ളാന്റ് സന്ദർശിച്ചു.