കൊച്ചി: ലോക്ക്ഡൗണിന് പിന്നാലെ മഴക്കാലവും എത്തിയതോടെ ഏലക്കായും കുരുമുളകും ചക്ക വിഭവങ്ങളും കൊറിയറുകളിലൂടെ അന്യസംസ്ഥാനങ്ങളിലേക്ക് പറപറക്കുന്നു. കൊവിഡ് പ്രതിരോധവും നാടൻ വിഭവങ്ങളോടുള്ള വർദ്ധിച്ച താല്പര്യവുമാണ് ബന്ധുക്കൾക്കായി കൊറിയറിൽ ഇവ അയയ്ക്കാൻ പ്രേരണ. കൊവിഡ് കാലത്തെ പ്രധാന ഇടപാടുകൾ ഇവയായിരുന്നെന്ന് കൊറിയർ സ്ഥാപനങ്ങൾ പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് പ്ലാവില വരെ തോരനാക്കിയിരുന്നു മലയാളി. ചക്കവിഭവങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് കണ്ട് അന്യസംസ്ഥാനത്തുള്ള ഉറ്റവർക്ക് സങ്കടം. നാടിനേക്കാൾ നാട്ടുവിഭവങ്ങൾ മിസ് ചെയ്യുന്നെന്ന സന്ദേശങ്ങളെത്തിയതോടെ കൊറിയർ കമ്പനികൾക്ക് തിരക്കായി. അന്യനാടുകളിലെ മക്കൾക്കും ബന്ധുക്കൾക്കും ചക്ക വിഭവങ്ങളും മസാലകളും ഒരുക്കുകയാണ് നാട്ടിലുള്ളവർ. ചക്ക ഉപ്പേരി, ചക്ക വരട്ടിയത്, ചക്ക ചുള ഉണക്കിയത് എന്നിവയ്ക്ക് പുറമെ മാങ്ങ അച്ചാർ, മാമ്പഴത്തിര തുടങ്ങിയ വേനൽക്കാല ഫലക്കൂട്ടുകളാണ് സ്വകാര്യ കൊറിയറുകൾ വഴി കടക്കുന്നത്.

ഏലക്ക, കുരുമുളക്, ചുക്ക് തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ വൻ ശേഖരവും നാടൻ കാപ്പിപ്പൊടിയും നിത്യേന പോകുന്നുണ്ട്. ഇടുക്കി മസാലക്കൂട്ടിന് മുൻ വർഷങ്ങളിലും ആവശ്യക്കാരുണ്ടായിരുന്നു. അതെല്ലാം വില്പനയ്‌ക്കോ വീട്ടാവശ്യങ്ങൾക്കോ വേണ്ടിയായിരുന്നു. ഇത്തവണ ഡാബർ ഉൾപ്പെടെ വമ്പൻ കമ്പനികളും കേരളീയ മസാല ഉപയോക്താക്കളുടെ പട്ടികയിലുണ്ടെന്ന് കൊറിയർ കമ്പനികൾ പറയുന്നു.


# കൊവിഡിനെ വീഴ്‌ത്താൻ

കൊവിഡിനെ പ്രതിരോധിക്കാൻ സുഗന്ധദ്രവ്യങ്ങൾക്ക് കഴിയുമെന്ന പ്രചരണങ്ങളെ തുടർന്നാണ് അന്യ നാടുകളിലെ പ്രിയപ്പെട്ടവർക്ക് ബന്ധുക്കൾ ഏലക്കയും കുരുമുളകും ഉൾപ്പെടെ സുഗന്ധവ്യഞ്ജനങ്ങൾ അയയ്ക്കുന്നത്. ഡൽഹി, മുംബെയ്, ചെന്നൈ തുടങ്ങി മലയാളികളുള്ള സ്ഥലങ്ങളിലേക്ക് പാഴ്സൽ പോകുന്നുണ്ട്. കണ്ടെയിൻമെന്റ് സോണുകളിൽ പാഴ്‌സലുകൾ എന്ന് ആവശ്യക്കാരുടെ കൈയിൽ എത്തുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് കൊറിയർ കമ്പനികൾ പറഞ്ഞു. വൈകിയാലും എത്തിച്ചാൽ മതിയെന്നാണ് അയക്കുന്നവരുടെ നിലപാട്. സാധനങ്ങൾ കേടാകുമെന്ന ഭയത്താൽ ഡൽഹി, മുംബെയ് പോലെ കൊവിഡ് രൂക്ഷമായ നഗരങ്ങളിലേക്ക് ഭക്ഷ്യപാഴ്‌സലുകൾ കൊറിയറുകാർ സ്വീകരിക്കാൻ മടിക്കുകയാണ്.

#ചക്ക കൊണ്ടു വലഞ്ഞു
യാത്രാവിലക്ക് മൂലം അവധിക്കാലത്ത് നാട്ടിലെത്താൻ കഴിയാത്ത ബന്ധുക്കൾക്ക് വേണ്ടിയാണ് ചക്ക വിഭവങ്ങൾ അയയ്ക്കുന്നത്. ബംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതൽ ചക്ക വറ്റലുകൾ പോകുന്നത്. തൊട്ടുപിന്നിൽ ചെന്നെ, പൂനെ തുടങ്ങിയ നഗരങ്ങളുണ്ട്.