board
കൂലി നിരക്ക് ഏകീകരിച്ച് പട്ടിമറ്റത്ത് സ്ഥാപിച്ച ബോർഡ്

കോലഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി തർക്കം അവസാനിച്ചു. കൂലി ഏകീകരിച്ച് ബോർഡും സ്ഥാപിച്ചു. പട്ടിമറ്റം ടൗണിൽ ഇന്നലെ രാവിലെയാണ് കൂലി കൂടുതൽ ചോദിച്ച് തർക്കമുണ്ടാക്കിയ ഭായിമാരെ അടിച്ചോടിച്ചത്. 700 രൂപയായിരുന്നു രണ്ടാഴ്ച മുമ്പു വരെ സാധാരണ പണിക്കാരന്റെ കൂലി. കൂടുതൽ കൂലി നിർബന്ധിച്ച് ചോദിക്കുന്നവർക്ക് പണി നൽകില്ലെന്നും മറ്റാരും അവരെ പണിക്ക് വിളിക്കാതിരിക്കാൻ ടൗണിൽ പ്രതിരോധവും ഏർപ്പെടുത്തി.

#ജില്ലയിൽ ഇപ്പോഴുള്ള 40000 അന്യസംസ്ഥാന തൊഴിലാളികൾ

ജില്ലയിൽ ഇനി നാടു വിടാനുള്ളത് 40000 ത്തോളം പേരാണ്. ഇവരിൽ പകുതി പേരും നാട്ടിലേയ്ക്ക് പോകാനായി പേരു രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരാണ്. ഇവർ ട്രയിൻ സമയം മുൻ കൂട്ടി അറിയാത്തതിനാൽ പണിക്ക് പോകാതെ താമസ സ്ഥലങ്ങളിൽ കാത്തിരിപ്പാണ്. ഇതോടെയാണ് പണിക്കു പോകുന്നവർ കൂലി കുത്തനെ കൂട്ടി മലയാളികളെ കൊള്ളയടിക്കാൻ ഇറങ്ങിയത്. തുടർന്നാണ് കരാറുകാരായ നാട്ടുകാർ സംഘടിച്ച് കൂലി ഏകീകരണ തീരുമാനമെടുത്തത്.

#കൂലി ഏകീകരിച്ച് ബോർഡ് സ്ഥാപിച്ചു

പണിക്കു വിളിക്കാൻ വരുന്നവരുമായി ടൗണിൽ തർക്കം പതിവായതോടെയാണ് കൂലി നിരക്ക് ഏകീകരിച്ച് ബോർഡു സ്ഥാപിച്ചത്. 700 രൂപയാണ് ഏകീകരിച്ച നിരക്ക്. അതിൽ കൂടുതൽ കൊടുത്ത് പണിക്ക് വിളിക്കരുതെന്നുമാണ് തീരുമാനം.

ഒട്ടു മിക്കവരും കൊവിഡിനെ പേടിച്ച് നാടു വിട്ടതോടെ ഒറ്റയടിയ്ക്ക് കൂലി നിരക്ക് 1000-1200 രൂപയാക്കി.

#സാമ്പത്തിക ബാദ്ധതയുണ്ടാകും

നാട്ടിലെ കൂലിപ്പണികൾക്ക് വല്ലപ്പോഴും വിളിക്കുന്നവരാണ് ചോദിക്കുന്ന കൂലി കൊടുത്ത് ഭായിമാരെ ചീത്തയാക്കുന്നത്. സ്ഥിരം പണി കൊടുക്കുന്ന കരാറുകാർക്ക് വൻ സാമ്പത്തിക ബാദ്ധതയുണ്ടാക്കുന്നതാണ് കൂലി പ്രശ്നം. നിശ്ചിത തുകയ്ക്ക് ക്വട്ടേഷൻ നൽകി കരാറെടുത്തതിനാൽ ഇനി ക്വട്ടേഷൻ തുകയിലെ പണം മാത്രമാണ് ലഭിക്കുകയുള്ളൂ . ഈ കരാർ വൻ നഷ്ടത്തിൽ കലാശിക്കും.

വി.ആർ സലീം, വാഴപ്പിള്ളിയിൽ, ലൈറ്റ് ഹോം കൺസ്ട്രക്ഷൻസ് പട്ടിമറ്റം