col
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കോയിത്തറ കനാലിലെ ശുചീകരണ പ്രവർത്തനങ്ങൾ കളക്‌ടർ വിലയിരുത്തുന്നു

കൊച്ചി: കോയിത്തറ കനാലിലെ നീരൊഴുക്കിന് തടസമാകുന്ന പൈപ്പുകളും കേബിളുകളും അ‌ടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് ജില്ല കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോയിത്തറ കനാലിൽ റെയിൽവേ പാലത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ മാറ്റാനാണ് ആവശ്യപ്പെട്ടത്.

ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി പ്രവർത്തന പുരോഗതി വിലയിരുത്തിയ കളക്ടർ കേബിളുകൾ മാറ്റുന്ന നടപടി വേഗത്തിലാക്കണമെന്ന് നിർദ്ദേശം നൽകി .കോയിത്തറ കനാലിൽ റെയിൽ പാലത്തിന് താഴെ 30 വർഷമായുള്ള നിർമ്മാണ അവശിഷ്ടങ്ങളും അശാസ്ത്രീയമായി സ്ഥാപിച്ച കേബിളുകളും പൈപ്പുകളും ഒഴുക്കിന് തടസമായിരുന്നു.വെള്ളത്തിനടിയിലൂടെ സ്ഥാപിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന നടപടി ഉടൻ പൂർത്തിയാകും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്നതോടെ കടവന്ത്ര, പനമ്പിള്ളിനഗർ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും. കനാൽ ചെന്നുചേരുന്ന കായൽമുഖത്തെ ചെളിനീക്കവും അതിവേഗം പൂർത്തിയാവുകയാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.