കോലഞ്ചേരി: മാർക്കറ്റിലെ ആദ്യ ഇന്നിംഗ്സിൽ ഡബിൾ സെഞ്ചറി. എന്നാൽ രണ്ടാം വട്ടം ക്രീസിലെത്തിയപ്പോൾ കാലിടറി. 20രൂപയ്ക്ക് ഔട്ട് ! അങ്ങനെ അടുക്കളയെ വിറപ്പിച്ച സവാളയ്ക്ക് മാക്കറ്റിൽ കഷ്ടക്കാലം. പങ്കളികളായ ചെറിയ ഉള്ളിക്കും പിടിച്ച് നിൽക്കാനായില്ല. 40ന് കീഴടങ്ങി. കഴിഞ്ഞ മത്സരത്തിൽ 140 ആയിരുന്നു സ്കോർ. എന്നാൽ വെളുത്തുള്ളി സെഞ്ച്വറയിടിച്ച് നിൽക്കുകയാണ്.110 രൂപയാണ് വില. 280നിന്നാണ് കൂപ്പുകുത്തിയത്.

മഴക്കാലമാണ് ഉള്ളി ടീമിനെ ചതിച്ചത്.മാർക്കറ്റിലെത്തുന്ന ഉള്ളി ലോഡ് വന്ന അന്നു തന്നെ റീട്ടെയിൽ കടകളിലേയ്ക്ക് കയറി പോയില്ലെങ്കിൽ ചീഞ്ഞു പോകും. കുറഞ്ഞ സ്കോറിൽ ഉള്ളി ടീമിനെ പിടിച്ചുകെട്ടാൻ കാരണമിതാണ്. ഇനി വില പെട്ടെന്ന് ഉയരാനിടയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ താളം കണ്ടെത്താനാവതെ പ്രതിരോധത്തിലായ തക്കാളി ഞെട്ടിച്ചു. മാർക്കറ്റിൽ ഹാഫ് സെഞ്ച്വറിയടിച്ച് നിൽക്കുകയാണ്. മികച്ച ഫോമായതിനാൽ വരും ദിവസങ്ങളിൽ കയറ്റം പ്രതീക്ഷിക്കാം.

സ്വഭാവീകമായും മഴക്കാലത്ത് തക്കാളി വില കുറയുകയാണ് പതിവ്. ഉല്പാദനക്കുറവാണ് വില ഉയരാൻ കാരണം. കൂടാതെ ഡീസൽ വില വർദ്ധനവിൽ ട്രക്ക് വാടക കൂട്ടുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്. വില കൂട്ടുന്നത് മൊത്ത ഏജന്റുമാരുടെ കള്ളക്കളികൂടിയാണ്.

അൽത്താഫ്

മൊത്ത വ്യാപാരി