high-court

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗീസിന്റെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശമുള്ളത് കണക്കിലെടുത്താണ് സ്ഥലംമാറ്റം മരവിപ്പിച്ചത്. നേരത്തെ പൊതുസ്ഥലം മാറ്റത്തിനുള്ള ജഡ്ജിമാരുടെ പട്ടികയിൽ ഹണി എം. വർഗീസിന്റെ പേരുമുണ്ടായിരുന്നു. കോഴിക്കോട്ടേക്കായിരുന്നു സ്ഥലംമാറ്റം. നടൻ ദിലീപ് ഉൾപ്പെടെ പ്രതികളായ കേസിൽ വിചാരണ തുടരുന്നതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്. ഇതോടെ കേസിന്റെ വിധി പറയുന്നതുവരെ ഇവർ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായി തുടരും. തന്റെ കേസ് വനിതാ ജഡ്‌ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് നേരത്തെ ഹൈക്കോടതി പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ നടത്താൻ നിർദ്ദേശിച്ചത്.