കൊച്ചി: ഇനി ഒരുങ്ങിയിട്ടെന്താ ? മൂക്കും വായും കവിളും മാസ്ക് മൂടി. ശരിക്കും പണി കിട്ടിയത് സൗന്ദര്യവർദ്ധക വിപണിക്കും ബ്യൂട്ടി പാർലറുകൾക്കും. പല സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളും മാസ്ക് നിർബന്ധമാക്കിയതോടെ വേണ്ടാതായി. ബ്യൂട്ടി പാർലറുകളിലെത്തുന്നവരുടെ എണ്ണവും പാടേ കുറഞ്ഞു.
റോസ് നിറത്തിലുള്ള കവിളും ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടും തത്ക്കാലത്തേക്കെങ്കിലും പഴങ്കഥയായി. അറേബ്യൻ രാജ്യങ്ങളിലേതു പോലെ കണ്ണിനഴക് വർദ്ധിപ്പിക്കുന്നതിലേക്ക് തിരിയുകയാണ് വനിതകൾ. കൊച്ചി നഗരത്തിൽ മിക്ക കോസ്മെറ്റിക് കടകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. തുറന്നവയിൽ വിറ്റുപോകുന്നത് വസ്ത്രത്തിന് യോജിച്ച നിറങ്ങളിലുള്ള മാസ്‌കുകളാണ്.
വാട്ടർപ്രൂഫ് മേക്കപ്പ്
'മാസ്കിട്ടാൽ പോകാത്ത മേക്കപ്പുണ്ടോ' എന്നാണ് മേക്കപ്പ് അന്വേഷിച്ച് എത്തുന്നവരുടെ പ്രധാനചോദ്യം. വാട്ടർപ്രൂഫ് മേക്കപ്പ് എന്നാണ് ഉത്തരം. 5,000 രൂപയ്ക്ക് സാദാ മേക്കപ്പ് ചെയ്യാം. വാട്ടർ പ്രൂഫ് മേക്കപ്പ് തുടങ്ങുന്നത് 10,000 രൂപയ്ക്കാണ്. ഉപയോഗിക്കുന്ന ബ്രാൻഡുകൾക്കനുസരിച്ച് വില ഉയരും. വിവാഹം, വിവാഹനിശ്ചയം, പാർട്ടികൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും മേക്കപ്പ് ആവശ്യവുമായി ബ്യൂട്ടി പാർലറുകാരെ സമീപിച്ചിരുന്നത്. കല്യാണത്തിന് അടുത്ത ബന്ധുക്കളെന്ന നിബന്ധന വന്നതോടെ കൂട്ടുകാർ പുറത്തായി. മറ്റ് പാർട്ടികളുമില്ല. ആകെ മേക്കപ്പ് ചെയ്യേണ്ടത് വധുവിനു മാത്രം. മാസ്കിടുമ്പോൾ മുഖം പകുതിയും മറയുന്നതിനാൽ മിക്കവരും ലൈറ്റ് മേക്കപ്പ് സ്വന്തമായി ചെയ്യുകയാണ്.
''മേക്കപ്പ് സാധനങ്ങൾ പലതും ഇപ്പോൾ എടുക്കുന്നില്ല. ത്രെഡിംഗ്, അപ്പർ ലിപ്പ് ത്രെഡിംഗ്, ഹെയർ കട്ടിംഗ് എന്നിവയ്ക്കേ ആളുകൾ വരുന്നുള്ളൂ. ഫേഷ്യൽ, ക്ളീൻ അപ്പ് തുടങ്ങിയ സർവീസുകൾ നടക്കുന്നേയില്ല.
-പ്രിയ ശ്രീകുമാർ
പൊളോണിക്ക ബ്യൂട്ടിപാർലർ,
കൊച്ചി
ലോക്ക് ഡൗണിന് മുമ്പ് പൂട്ട്
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർച്ച് 15 മുതൽ ഞങ്ങളിൽ മിക്കവരും ബ്യൂട്ടിപാർലറുകൾ അടച്ചിരുന്നു. ജൂൺ 15ന് ശേഷമാണ് തുറന്നത്. പക്ഷേ, കസ്റ്റമേഴ്സ് ഇല്ലാത്തതിനാൽ വീണ്ടും പലരും പൂട്ടിത്തുടങ്ങി.
-ദീപ അജിത്ത്
പ്രസിഡന്റ്, കേരള ബ്യൂട്ടിപാർലർ അസോസിയേഷൻ