കൊച്ചി : ചെല്ലാനത്തെ കടലാക്രമണം ചെറുക്കാൻ നടപടികൾ വേണമെന്ന ഹർജിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഉചിതമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കളക്ടറെ ഹർജിയിൽ സ്വമേധയാ കക്ഷിചേർത്ത സിംഗിൾബെഞ്ച് കടലാക്രമണം നേരിടുന്ന തീരദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടരുമായി ആലോചിച്ച് നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
കാലവർഷമെത്തുന്നതോടെ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാകുമെന്നും തീരദേശവാസികളെ രക്ഷിക്കാൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസി ടി.എ. ഡാൽഫിൻ ഉൾപ്പെടെ ഏഴുപേർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജൂൺ രണ്ടിന് ഹർജി പരിഗണിച്ചപ്പോൾ ചെല്ലാനത്തെ കടലാക്രമണം ചെറുക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനായി മന്ത്രിതല ചർച്ച നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് ഇതിന്റെ ഫലം അറിയിക്കാൻ നിർദേശിച്ച് ഹൈക്കോടതി ഹർജി മാറ്റിയിരുന്നു. പിന്നീട് ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ജിയോ ബാഗുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനമെടുത്തെന്ന് സർക്കാർ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും ജിയോബാഗുകളിൽ മണൽ നിറയ്ക്കാനായി കൊണ്ടുവന്ന ഡ്രഡ്ജർ കടൽക്ഷോഭത്തിൽ തകർന്നു മുങ്ങിപ്പോയി. ഇൗ തിരിച്ചടി നേരിട്ടിട്ടും മണൽ നിറയ്ക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും സർക്കാർ വിശദീകരിച്ചു.
ചെല്ലാനം തീരത്തെ ചില മേഖലകളിൽ വേലിയേറ്റത്തെത്തുടർന്ന് തിരമാലകൾ ഉയർന്നതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയെന്നും ഇവരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നെന്നും ഹർജിക്കാർ കോടതിയിൽ അറിയിച്ചു. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് കളക്ടറെ കക്ഷിചേർത്ത് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് മാറ്റിപ്പാർപ്പിച്ചപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇവരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ ഇക്കാര്യം ജില്ലാഭരണകൂടം ഉറപ്പാക്കണമെന്നും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജി ജൂൺ 29 ന് വീണ്ടും പരിഗണിക്കും.