# 1001 നർത്തകിമാർ ലൈവാകും

കൊച്ചി: ലഹരി തകർത്തെറിയുന്ന കുടുംബം. വഴിയാധാരമാകുന്ന ജീവനുകൾ. ഈ വിഷയങ്ങൾ ഗാനമായി മാറുമ്പോൾ ഓൺലൈൻ സ്ക്രീനിൽ 1001 നർത്തകിമാർ ഇതിനൊത്ത് ചുവടുവയ്ക്കും. ലോക ലഹരിവിരുദ്ധ ദിനമായ നാളെ (വെള്ളി) രാവിലെ 10നാണ് ചരിത്രത്തിലേക്ക് ചുവടുവയ്ക്കുന്ന നടനസ്മൃതി ഫേസ്ബുക്കിലൂടെ ജനങ്ങളിലേക്കെത്തുക. ദൈവദശകം കൂട്ടായ്‌മായാണ് വ്യത്യസ്തമായ ബോധവത്കരണ സന്ദേശത്തിന് പിന്നിൽ.

മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ നൂറാംവർഷം പ്രമാണിച്ചാണ് കൂട്ടായ്‌മ നടനസ്മൃതി ഒരുക്കുന്നത്. ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നർത്തകിമാർ നടനസ്‌മൃതിയുടെ ഭാഗമാകുക. കൊവിഡ് പശ്ചാത്തലത്തിൽ നർത്തകിമാർ അവരുടെ വീടുകളിൽ നൃത്തഭാവം നൽകും. ദൈവദശകം കൂട്ടായ്‌മായുടെ ഫേസ്ബുക്ക് പേജിലായിരിക്കും തത്സമയ സംപ്രേഷണം.

ജർമ്മൻ യുവതിയും ചുവടുവയ്ക്കും

നടനസ്മൃതിയിൽ ജർമനിയിലെ ഹാംബർഗ് സ്വദേശിന അന്നിക മോർഷ്യലും ചുവടുവയ്ക്കും.കേരള കലാമണ്ഡലത്തിൽ ഭരതനാട്യം ഹ്രസ്വകാല കോഴ്‌സ് വിദ്യാർത്ഥിയാണ് . ജർമ്മനിയിലെ സോഷ്യോ കൾച്ചറൽ ആന്ത്രാപ്പോളജി കോഴ്‌സിന്റെ ഭാഗമായാണ് ഇവർ കേരളത്തിൽ എത്തിയത്‌.

ലഹരിയെന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ജാതി, മത, പ്രായഭേദമെന്യേ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതൊഴിവാാൻ പറ്റൂ. കൂട്ടായ പ്രയത്‌നം ഇതിനാവാശ്യമാണ്.

ഇവിടെയാണ് ഗുരു സന്ദേശത്തിന്റെ പ്രസക്തിയേറുന്നത്.

ഗിരീഷ് ഉണ്ണിക്കൃഷ്ണൻ,

ചെയർമാൻ,

ദൈവദശകം കൂട്ടായ്‌മ.