കോതമംഗലം: ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. പിണ്ടിമന പുലിമല സ്വദേശിയായ 46നാണ് ക്വാറന്റൈൻ ലംഘിച്ചത്.കഴിഞ്ഞ 21നാണ് ഇയാൾ അബുദാബിയിൽ നിന്നും തിരുവനന്തപുരം വഴി നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനിൽ കഴിയണമെന്ന കർശന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിരുന്നു. ഇതൊന്നും പാലിച്ചില്ല. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തതകർ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസ്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ക്വാറന്റെെൻ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും എറണാകുളം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.