നെടുമ്പാശേരി: കേന്ദ്ര - സംസ്ഥാന സർക്കാർ ഉത്തരവുകൾ ലംഘിച്ച് ലോക്ക് ഡൗൺ കാലത്തെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സിയാൽ കരാർ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. ജൂലായ് ആറിന് രാവിലെ 6മുതൽ 24 മണിക്കൂർ സൂചനപണിമുടക്ക് നടത്തും.
സിയാലിലെ കരാർ കമ്പനികളായ എയർ ഇന്ത്യ, സെൽബി എന്നിവ സർക്കാർ ഉത്തരവ് നടപ്പാക്കിയപ്പോൾ ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ജോലി നടന്ന ബി.ഡബ്‌ളിയു.എഫ്.എസിൽ മാർച്ചിൽ ജോലിചെയ്തിട്ടും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയും മേയ് മാസം 25 ശതമാനവുമാണ് വേതനം നൽകിയതെന്നും താെഴിലാളികൾ ആരോപിക്കുന്നു. അംഗീകൃത ട്രേഡ് യൂണിയനുകളെപ്പോലും അറിയിക്കാതെയാണ് ബി.ഡബ്‌ളിയു.എഫ്.എസ് ഏകപക്ഷീയമായ തീരുമാനമെടുത്തത്. അടിയന്തിരമായി മാർച്ച് മാസത്തെ ബാക്കി ശമ്പളവും ഏപ്രിൽ, മേയ് മാസങ്ങളിലെ വെട്ടിക്കുറച്ച ശമ്പളവും ജീവനക്കാർ വിതരണം ചെയ്യണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
10 മാസം കഴിഞ്ഞിട്ടും കരാർ പുതുക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കൊവിഡ് കാലത്ത് ജീവൻ പണയംവച്ച് ജോലി ചെയ്യുന്നവർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നും സംയുക്ത യൂണിയൻ നേതാക്കളായ എൻ.സി. മോഹനൻ (സി.ഐ.ടി.യു) വി.പി. ജോർജ് (ഐ.എൻ.ടി.യു.സി), അനിൽകുമാർ (ബി.എം.എസ്) എന്നിവർ ആവശ്യപ്പെട്ടു.