പറവൂർ: തീരദേശ മേഖലയെ കൊച്ചി നഗരവുമായി അടുപ്പിക്കുന്നചാത്തനാട് - കടമക്കുടിപ്പാലം ഉടനെ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ തുടരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 27ന് ഏഴിക്കര പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ നില്പ് സമരം നടത്തും. 2014 ൽ പണി ആരംഭിച്ച ചാത്തനാട് പാലത്തിന്റെ മുക്കാൽ ഭാഗം നിർമ്മാണം കഴിഞ്ഞിട്ടുണ്ട്. അപ്രോച്ച് റോഡിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാതെയാണ് 2014 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാലം പണി ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒരു വർഷത്തിനുള്ളിൽ ചാത്തനാട് പാലം യഥാർത്ഥ്യമാകാനായിരുന്നു ലക്ഷ്യം. എന്നാൽ നിർമ്മാണം നടന്നില്ല.വൈകിട്ട് അഞ്ചിന് എട്ട് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരത്തിൽ ചാത്തനാട് പാലത്തിന് സമീപം നടക്കുന്ന സമരം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. പള്ളിപ്പടിയിൽ പി.എൻ. സന്തോഷ്, കുഴിപ്പനത്ത് എസ്. ശ്രീകുമാരി, ആശുപത്രിപ്പടിയിൽ ഡിവിൻ കെ. ദിനകരൻ, കടക്കരകവലയിൽ എം.ടി. നിക്സൺ, പഞ്ചായത്തുപടിയിൽ കെ.എം. ദിനകരൻ, കണ്ണൻചിറയിൽ എ.കെ. സുരേഷ്, പെരുമ്പടന്ന കവലയിൽ കെ.പി. വിശ്വനാഥൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.