കോലഞ്ചേരി: പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായ അമ്പത്തൊമ്പത് ദിവസം പ്രായമായ ജോസെറ്റയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ജീവൻ നിലനിർത്താൻ നൽകിവന്നിരുന്ന ഓക്സിജന്റെ അളവ് കുറച്ചു. തലച്ചോറിൽ കട്ടപിടിച്ച രക്തം ശസ്ത്രക്രിയയിലൂടെ നീക്കി രണ്ടുദിവസം പിന്നിടുമ്പോൾ കുഞ്ഞ് സാധാരണനിലയിലേക്ക് നീങ്ങുകയാണ്. കുഞ്ഞിന്റെ ശരീരോഷ്മാവും നാഡിമിടിപ്പുകളും സാധാരണ നിലയിലായി. മുലപ്പാൽ നന്നായി കുടിക്കുന്നതിന് പുറമെ ദഹനപ്രക്രിയയും കൃത്യമായിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ ഓക്‌സിജൻ സഹായത്തോടെ ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റിയത്. 48 മണിക്കൂറിന് ശേഷം കുട്ടിയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി ഡോക്ടർമാർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പെൺകുഞ്ഞായതിനാലും പിതൃത്വത്തിലെ സംശയവും മൂലം അച്ഛൻ ഷൈജു തോമസ് കാലിൽ പിടിച്ച് ചുഴറ്റി കുഞ്ഞിനെ കട്ടിലിലേയ്ക്ക് എറിയുകയായിരുന്നു. കഴിഞ്ഞ 18ന് അങ്കമാലിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഷൈജു റിമാൻഡിലാണ്.