കൊച്ചി: നേതൃത്വം നൽകാൻ ഹെഡ്മാസ്റ്റർമാരും പഠിപ്പിക്കാൻ യോഗ്യരായ അദ്ധ്യാപകരുമില്ലാതെ സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസം പരാജയത്തിലായെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാനത്തെ 920 പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പ്രൈമറി, ഹൈസ്കൂൾ, ഭാഷാ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 4000 ൽപ്പരം അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യതയുള്ള അദ്ധ്യാപകർക്ക് പ്രമോഷൻ നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതി ഡിവിഷൻബെഞ്ചും ഉത്തരവിട്ടിട്ടും യോഗ്യത ഇല്ലാത്ത ഇടതുപക്ഷ സംഘടനാനേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നതിന് പ്രമോഷൻ നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിനുപുറമെ നാലിലൊന്ന് സ്കൂളുകളിൽപ്പോലും പാഠപുസ്തകങ്ങൾ വിതരണം ചെയ്തിട്ടുമില്ല. ഓൺലൈനിൽ ക്ളാസെടുക്കുന്ന അദ്ധ്യാപകർ പാഠപുസ്തകത്തിന്റെ ഇന്നപേജിൽ നോക്കു എന്നാണ് കുട്ടികളോട് പറയുന്നത്. പുസ്തകമില്ലാത്ത കുട്ടികൾ എവിടെനോക്കി പഠിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ്. അതേസമയം വെയർഹൗസിംഗ് കോർപ്പറേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവിടങ്ങളിലേക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിരക്കിട്ട് അനധികൃത നിയമനങ്ങൾ നടത്തുന്നുമുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയുടെ മൂല്യനിർണയം അട്ടിമറിക്കാൻ നീക്കം നടത്തുന്നതായും പി.ടി. തോമസ് ആരോപിച്ചു.