കോലഞ്ചേരി: വലമ്പൂരിൽ അവശ നിലയിൽ കണ്ടെത്തിയ മരപ്പട്ടിയെ കോടനാട് ഫോറസ്റ്റ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സിനെ കൈമാറി. ഇന്നലെ രാവിലെ വലമ്പൂർ കുരിശ് ജംഗ്ഷനിൽ നിന്നും പള്ളിയിലേയ്ക്ക് പോകുന്ന റോഡിലാണ് മരപ്പട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ സനലാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.
റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനിടെ മരപ്പട്ടിയെ കാക്കകളും ആക്രമിച്ചു. ഇതോടെ കുഴഞ്ഞു വീഴുകയായിരുന്നു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരപ്പട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിശോധനയിൽ മരപ്പട്ടിയ്ക്ക് വൈറൽ രോഗ ബാധമൂലമുള്ള ഡിസ്റ്റമ്പർ ബാധിച്ചതായി കണ്ടെത്തി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കാട്ടിലേയ്ക്ക് വിടാനാകും.