കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന ടാബ്ലറ്റ് ചാലഞ്ചിന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 18 സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നുള്ള 18 വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്തു. നടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള അസൗകര്യങ്ങൾ കഴിഞ്ഞ ദിവസം പേരന്റ്‌സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഏബിൾഡ് എന്ന സംഘടന മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈബി ഈഡൻ ടാബുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ടാബ് ചലഞ്ചിന്റെ ഭാഗമായി എറണാകുളം പാർലമെന്റിൽ ഇതോടെ 301 ടാബ്‌ലറ്റുകൾ വിതരണം ചെയ്തതായി എം. പി പറഞ്ഞു. 174 സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും 108 എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ഒരു കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കും 18 സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുമാണ് വിതരണം ചെയ്തത്.

ചടങ്ങിൽ പെന്റാ മേനക ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി യാസർ അറാഫത്ത്, പേരന്റ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഏബിൾഡ് സംസ്ഥാന പ്രസിഡന്റ് കെ. എം ജോർജ്, വൈസ് ചെയർപേഴ്‌സൺ സുശീല കുര്യച്ചൻ, ജില്ലാ സെക്രട്ടറി എം.സി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.