ഫോർട്ടുകൊച്ചി: കൊവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നാരോപിച്ച് ലക്ഷദ്വീപിൽ നിന്നും കപ്പൽമാർഗം കൊച്ചിയിലെത്തിയ ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങൾ പ്രതിഷേധിച്ചു. ഇന്നലെ രാവിലെയാണ് എം.വി. അറേബ്യൻ സീ എന്ന കപ്പലിൽ ഇവർ എത്തിയത്.ഇവിടെ നിന്നും ഗുജറാത്തിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനായി രണ്ട് സാധാരണ ബസുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഗ്രീൻ സോണായ ലക്ഷദ്വീപിൽ നിന്നെത്തിയ തങ്ങൾ എങ്ങനെ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് യാത്ര ചെയ്യുമെന്നായിരുന്നു പ്രതികരണം. ഒരു ബസിൽ 30 പേരിൽ കൂടുതൽ കയറ്റാൻ അധികാരികൾ തയ്യാറായില്ല. അതു മാത്രമല്ല ഡ്രൈവർ റെഡ് സോണിൽ നിന്നും വന്നതാണോയെന്നും പരിശോധന നടത്തണമെന്ന് റവന്യൂ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ബറ്റാലിയൻ അംഗങ്ങൾ ആദ്യം കപ്പലിൽ നിന്നും ഇറങ്ങാതെയും പിന്നീട് ബസിൽ കയറാനും തയ്യാറായില്ല.ഇതിനെ തുടർന്ന് രണ്ട് മണിക്കൂർ യാത്ര വൈകി. പിന്നീട് ഡപ്യൂട്ടി തഹസിൽദാർ കമാണ്ടറുമായി സംസാരിച്ചതിനെ തുടർന്നാണ് ഇവർ ബസിൽ കയറിയത്. ഇന്നലെ തുറമുഖത്ത് എത്തിയ എം.വി. കോറൽ എന്ന മറ്റൊരു കപ്പലിൽ 3 മലയാളികളും 3 ലക്ഷദ്വീപുകാരും എത്തിയിരുന്നു.