കൊച്ചി: ജില്ലയിൽ സാമൂഹ്യവ്യാപനത്തിന്റെ ആശങ്കയുണർത്തി കൊവിഡ് രോഗ കണക്ക്. കഴിഞ്ഞ ദിവസം ചൊവ്വരയിൽ രോഗം സ്ഥിരീകരിച്ച നഴ്സിനും അവരുടെ ഭർത്താവിനും നായരമ്പലത്തെ രോഗിക്കും കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിയുടെയും അദ്ദേഹത്തിന്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെയുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കിവരികയാണ്. കളമശേരി പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകനിൽ നിന്ന് രോഗം പകർന്ന് പൊലീസുകാരൻ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരെല്ലാം രോഗികളാണെന്ന് അറിയാതെയാണ് സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപഴകിയത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്ത കൂടുതൽ രോഗികൾ ജില്ലയിൽ ഉണ്ടാകാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ലോക്ക് ഡൗൺ ഇളവാണെങ്കിലും ജില്ലയിൽ കാര്യങ്ങളെല്ലാം പഴയതുപോലെയാണ്. സ്വകാര്യ ബസുകളിൽ നിറഞ്ഞാണ് യാത്രക്കാർ. ഹോട്ടലുകൾ,​ തുണിക്കടകൾ,​ സ്വർണ്ണക്കടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകൾ കയറിത്തുടങ്ങി. കൂട്ടത്തിൽ ഒരാൾ രോഗിയാണെങ്കിൽ നമ്മളിൽ ആരും രോഗിയാവാം എന്ന ഓർമ്മയിലാവണം സഞ്ചാരമെന്ന് ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

കാലടി: ചൊവ്വര ആരോഗ്യകേന്ദ്രത്തിൽ കുത്തിവെയ്പിന് വന്ന 72 കുട്ടികളെയും രക്ഷിതാക്കളെയും ജീവനക്കാരായ 21 പേരെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകയുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 49 പേരുണ്ട്. ശ്രീമൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 വാർഡുകളും മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 15ാം വാർഡും കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുന്ന പ്രവർത്തനവും നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധനയും പുരോഗമിക്കുകയാണ്.

 ചെയ്യേണ്ടത്

നമുക്കും നമുക്ക് ചുറ്റുമുള്ള ഏത് വ്യക്തിക്കും രോഗമുണ്ടാകാമെന്ന് ചിന്തിച്ചു വേണം പൊതുയിടങ്ങളിലേക്കിറങ്ങാൻ

മാസ്ക് ധരിച്ചാലും അടുത്ത് നിൽക്കുന്ന വ്യക്തിയുമായി ആറടി അകലം പാലിക്കണം

യോഗങ്ങൾ,​ കൂടിച്ചേരലുകൾ ഒഴിവാക്കണം

രോഗലക്ഷണം കണ്ടാൽ സമൂഹത്തിലിറങ്ങിയുള്ള ഇടപെടലുകൾ ഒഴിവാക്കുക

കൈകൾ വൃത്തിയായി സൂക്ഷിക്കുക

"ലോകത്ത് നടന്ന പഠനങ്ങളിൽ തെളിഞ്ഞത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രോഗികളിൽ കൊവിഡ് ശക്തമായാണ് പിടികൂടുന്നതെന്നാണ്. പ്രമേഹം,​ പൊണ്ണത്തടി,​ രക്തസമ്മർദ്ദം തുടങ്ങി പകർച്ചവ്യാധിയല്ലാത്ത രോഗങ്ങൾ ഏറെയാണ് നമുക്കിടയിൽ. അതുകൊണ്ട് തന്നെ 60 വയസിൽ കൂടുതൽ ഉള്ളവരെ മരിക്കൂവെന്ന് നിസാരമായി ഇതിനെ കാണരുത്. പുറംരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ കണക്കിൽ നിന്ന് അത് മനസിലാക്കാം."

ഡോ. രാജീവ് ജയദേവൻ

പ്രസിഡന്റ്

ഐ.എം.എ,​ കൊച്ചി