കൊച്ചി : ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷണം പോയ കമ്പ്യൂട്ടർ ഉപകരണങ്ങളെല്ലാം കണ്ടെടുത്ത എൻ.ഐ.എ സംഘം പ്രതികളായ ബീഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം എന്നിവരെ ഇന്നലെ തിരിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജൂലായ് ഒമ്പതുവരെയാണ് റിമാൻഡ് ചെയ്തത്.

തൊണ്ടിമുതൽ കണ്ടെടുക്കാനും തെളിവുകൾ ശേഖരിക്കാനുമായി രണ്ടുഘട്ടമായി ഒമ്പതു ദിവസമാണ് ഇവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. 20 കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളാണ് പ്രതികൾ മോഷ്ടിച്ചുവിറ്റത്. ഇതു മുഴുവനും കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു.

2018 സെപ്തംബറിലാണ് പ്രതികൾ മോഷണം നടത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മൂവാറ്റുപുഴ സ്വദേശിയുടെ പക്കൽനിന്ന് മൈക്രോ പ്രോസസർ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പ്രതികൾ ഇതു ഒാൺലൈനിൽ വിറ്റതായിരുന്നു. പെയിന്റിംഗ് ജോലികൾ കരാറെടുത്ത സ്വകാര്യ കരാറുകാരന്റെ തൊഴിലാളികളായാണ് പ്രതികൾ ഷിപ്പ്‌യാർഡിലെത്തിയത്. പിന്നീട് തങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താൽ മോഷണം നടത്തിയെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴിനൽകിയത്.