കൊച്ചി: കുണ്ടറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ സാബു എന്നിവർ കൊച്ചിയിൽ പിടിയിലായി. ബുധനാഴ്ച പുലർച്ചെ 1.50 ന് പൊലീസ് പട്രോളിംഗിനിടെ ഇടപ്പള്ളിയിൽ വച്ചാണ് ഇവർ കുടുങ്ങിയത്. കൊലപാതകത്തിന് ശേഷം കൊച്ചിയിൽ ഒളിവിടം തേടിയാണ് പ്രതികളെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇടപ്പള്ളി എം.എ.ജെ ആശുപത്രിക്ക് മുന്നിൽ കാറിലെത്തിയ പ്രതികളിലൊരാളുടെ കൈയിലെ മുറിവുകണ്ട് ചോദ്യം ചെയ്തതോടെയാണ് കുടുങ്ങിയത്. കുണ്ടറയിലെ കൊലപാതക കേസിലെ പ്രതികൾ ജില്ല വിട്ടെന്നും കൊച്ചിയിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും വിവരം ലഭിച്ചിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ഷക്കീർ ബാബുവാണ് ചൊവ്വാഴ്ച കുത്തേറ്റ് മരിച്ചത്. പ്രതികളെ കുണ്ടറയിൽ നിന്നെത്തിയ പൊലീസിന് കൈമാറി. കൊലയ്ക്കുശേഷം പ്രജീഷ് സുഹൃത്തായ ബിന്റോയ്‌ക്കൊപ്പം ചരക്ക് ലോറിയിലാണ് കൊച്ചിയിലെത്തിയത്. എളമക്കര എസ്‌.ഐ ജോമോൻ ജോസഫ്, സി.പി.ഒ.മാരായ അനി, സി.എ. അറാഫത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.