കൂത്താട്ടുകുളം: കൂത്താട്ടുകുളം എസ്.എൻ.ഡി.പി ശാഖാ യോഗം നമ്പർ 224 ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് സഹായം എത്തിച്ചു. കൂത്താട്ടുകുളം പ്രദേശത്തെ അഞ്ച് കുട്ടികൾക്ക് ടെലിവിഷനുകളും സ്മാർട്ട്ഫോണുകളും വിതരണം ചെയ്തു. ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട സഹായങ്ങൾ നൽകിയത് അരഞ്ഞാണിയിൽ പരേതനായ സഹദേവന്റെ (റിട്ട:പി.ഡബ്ല്യു.ഡി എൻജിനീയർ) സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹധർമ്മിണിയും, കുടുംബാംഗങ്ങളുമാണ്. കൊവിഡ്-19 സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് മംഗലത്തുതാഴം ഗുരുദേവക്ഷേത്രാങ്കണത്തിൽ ചേർന്ന ചടങ്ങിൽ എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി. ജി. ഗോപിനാഥ്,സെക്രട്ടറി സി. പി .സത്യൻ, സലിം മോനിപ്പിള്ളി, യൂണിയൻ കൗൺസിലർ ഡി.സാജു ശാഖാ പ്രസിഡന്റ് വി. എൻ.രാജപ്പൻ വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ സെക്രട്ടറി തിലോത്തമ. ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.