ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ജലസേചന വകുപ്പിന്റെ ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണി തീർന്നില്ല. ഇതേതുടർന്ന് ആലുവയിലും പരിസര പ്രദേശങ്ങളും ഇന്നും കുടിവെള്ളം വിതരണം മുടങ്ങും.തിങ്കളാഴ്ച്ചയാണ് റോഡിലെ വലിയ പൈപ്പ് പൊട്ടിയത്. ഇതേതുടർന്ന് ടാറിംഗും ഇളകിയിരുന്നു. ചൊവ്വയും ഇന്നലെയുമായി അറ്റകുറ്റപ്പണി നടത്തി ഇന്നലെ രാത്രിയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാമെന്ന ധാരണയിലായിരുന്നു അധികൃതർ. എന്നാൽ ഇന്നലെ അഞ്ച് അടിയിലേറെ താഴ്ത്തിയപ്പോഴാണ് പെെപ്പിന്റെ പൊട്ടിയ ഭാഗം കണ്ടത്. മാത്രമല്ല, അഞ്ചിടത്തും പൊട്ടലുണ്ട്. ഇതേതുടർന്നാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയാതിരുന്നത്. ഇന്ന് വൈകുന്നേരത്തോടെ ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.