g
വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള ഉത്തരവിൽ പ്രതിഷേധിച്ച് ജോലി ബഹിഷ്കരിച്ച ജീവനക്കാർ ചേർന്ന പ്രതിഷേധ യോനം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടിലാൽ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര : ജില്ലയിലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നേരത്തേക്ക് ഓഫീസ് ജോലികൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള ഉത്തരവിൽ പ്രതിഷേധിച്ച് ധനകാര്യ മന്ത്രിയുടെ ഓഫീസിലേക്ക് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ സ്വാഭിമാൻ മാർച്ചിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജീവനക്കാർ ജോലി ബഹിഷ്കരിച്ചത്.

സിവിൽ സ്റ്റേഷനിൽ ജോലി ബഹിഷ്കരിച്ച റവന്യൂ ജീവനക്കാർ പ്രതിഷേധയോഗം ചേർന്നു. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന അദ്ധ്യക്ഷനായിരുന്നു. കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിഅംഗം പി. അജിത്തും കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കെ.എം ബഷീറും മൂവാറ്റുപുഴയിൽ സംസ്ഥാന കമ്മിറ്റിഅംഗം കെ.കെ. ശ്രീജേഷും പെരുമ്പാവൂർ മിനി സിവിൽസ്‌റ്റേഷനിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസും ആലുവയിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസും പറവൂരിൽ കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മഗോപാലനും കൊച്ചിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. തിലകനും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു