തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പുകേസിലെ മൂന്നാംപ്രതിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം. അൻവറിനെ അയ്യനാട് സഹകരണ ബാങ്കിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം അൻവറുമായി ബാങ്കിലെത്തിയത്. തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ബാങ്കിൽ പണം പിൻവലിക്കാനും തിരികെ അടക്കാനും ഉപയോഗിച്ച രസീത്, അക്കൗണ്ട് ബുക്ക്, മറ്റുചില രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജയചന്ദ്രൻ,സെക്രട്ടറി രാജമ്മ തുടങ്ങിയവരോട് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.
എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിന്റെ സഹായത്തോടെ അഞ്ചു തവണയായി 10,54,000 രൂപ അയ്യനാട് സർവീസ് സഹകരണബാങ്കിലെ അൻവറിന്റെ അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി.
ഭാര്യ കൗലത്ത് ബാങ്ക് ഡയറക്ടറായതിനാലാണ് തന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി പണം മാറിയെടുക്കാമെന്നു മുഖ്യസൂത്രധാരനായ വിഷ്ണുപ്രസാദിനോടു പറഞ്ഞത്. ജില്ലാട്രഷറി വഴി ദുരിതാശ്വാസഫണ്ട് തങ്ങളുടെ അക്കൗണ്ടിലേക്കിട്ട വിഷ്ണുതന്നെയാണ് അതിന്റെ ഒ.ടി.പി നമ്പർ ട്രഷറിയിൽ നിന്നു സംഘടിപ്പിച്ചുതന്നത്. ഇതുമായി അയ്യനാട് സഹകരണ ബാങ്കിലെത്തിയപ്പോൾ പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ സെക്രട്ടറി വിസമ്മതിച്ചു. ഈ സമയത്ത് സി.പി.എമ്മിന്റെ രണ്ടു പ്രാദേശിക നേതാക്കൾ ശുപാർശ ചെയ്തതോടെ സെക്രട്ടറി പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിത്തന്നു. അത് ഉടനെ പിൻവലിച്ചു. വീണ്ടും ട്രഷറിയിൽ നിന്നു പണം വരുമെന്നും അപ്പോൾത്തന്നെ ബാങ്ക് സെക്രട്ടറിയോടു പറഞ്ഞിരുന്നു. പിന്നീട് 5,54,000 രൂപ കൂടി വിഷ്ണു അയ്യനാട് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിക്കൊടുത്തു. ഈ തുക ആവശ്യപ്പെട്ടു ചെന്നപ്പോൾ തന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ സെക്രട്ടറി വിസമ്മതിച്ചു. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പണം തിരിച്ചടക്കാൻ നേതാക്കൾ സമ്മർദ്ദം ചെലുത്തിയതായി അൻവർ മൊഴി നൽകി. കേസിലെ രണ്ടാംപ്രതി മഹേഷിന്റെ ഭാര്യയും അഞ്ചാംപ്രതിയുമായ നീതു ഒളിവിലാണ്. ഇവർ മാത്രമാണ് അറസ്റ്റിലാകാനുള്ളത്.
പ്രളയഫണ്ട് തട്ടിപ്പുകേസിൽ സി.പി.എം നേതാക്കൾക്ക് പങ്കില്ലെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അൻവർ പറഞ്ഞു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നോയെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെളിവെടുപ്പിനിടെ ബാങ്ക് പരിസരത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.