road
ആലുവ സബ്ബ്ജയിൽ റോഡിൽ റൂറൽ എസ്.പി. ഓഫീസിന് മുൻപിലെ അപകടമുണ്ടാക്കുന്ന പഴയ മീഡിയന്റെ ഭാഗം

ആലുവ: ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം പെരുമ്പാവൂർ റോഡിൽ പഴയ മീഡിയന്റെ ഭാഗത്തിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും കണ്ണ് തുറക്കാതെ പൊതുമരാമത്ത് അധികാരികൾ. പി.ഡബ്ല്യു.ഡിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിൽ നിന്നും കേവലം നൂറു മീറ്റർ മാത്രം അകലെയാണ് അപകടക്കെണി.

എസ്.പി. ഓഫീസിന് മുൻപിലെ കൊടും വളവിലാണ് മീഡിയന്റെ ഒരു ഭാഗം ഉയർന്ന് നിൽക്കുന്നത്. വാഹന യാത്രികർക്ക് ഇത് വേഗത്തിൽ ശ്രദ്ധയിൽപ്പെടാറില്ല. ഇന്നലെ രാവിലെ ഇന്നോവ കാറും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. മീഡിയനിൽ കയറിയ കാർ ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് അവിടെ തന്നെ കിടന്നു. ഏറെ നേരമെടുത്താണ് കാറ് മാറ്റിയത്. എസ്.പി. ഓഫീസിന് തൊട്ടുമുൻപിൽ കാറുകൾക്ക് ഭീഷണിയായി മീഡിയൻ നിലനിന്നിട്ടും പോലീസ് ഇത് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സ്ഥിരമായി ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്ന യാത്രക്കാർ പറയുന്നു.

#വാഹനങ്ങൾക്ക് ഭീഷണി

ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും തെന്നി മറയുന്നത്. വലത് ഭാഗത്തേയ്ക്ക് കൂടുതൽ സ്ഥലമെടുത്ത് വളയ്ക്കുമ്പോഴാണ് മീഡിയന് മുകളിൽ വാഹനം കയറി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ പത്തിലധികം കാറുകൾ ഈ മീഡിയനിനു മുകളിൽ കയറി. കാറുകളുടെ അടിഭാഗത്തെ യന്ത്രങ്ങൾക്കും ഇന്ധനടാങ്കിനുമുൾപ്പടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.