കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും കളമശേരി ഏരിയ സെക്രട്ടറിയുമായ വി.എം.സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. തുടർന്ന് പ്രവർത്തനം വിലയിരുത്തി ഏതു ഘടകത്തിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കും.

ജില്ലാ കമ്മിറ്റിഅംഗം, ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് സക്കീറിനെ ഒഴിവാക്കണമെന്ന ശുപാർശയാണ് ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് സമർപ്പിച്ചത്. ഈ നടപടി പോരെന്നും സസ്‌പെൻഷൻ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ സക്കീർ പങ്കെടുത്തില്ല. ഇതിനുശേഷം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു. സക്കീറിനെതിരെ ഒരു നടപടിക്കും ശുപാർശ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞിരുന്നത്.

കളമശേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവന്റെ പരാതിയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എം. ദിനേശ്‌മണി, പി.ആർ. മുരളീധരൻ എന്നിവരുടെ അന്വേഷണറിപ്പോർട്ട് പാർട്ടി അംഗീകരിക്കുകയായിരുന്നു. യുവവ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിൽ സക്കീർ ഹുസൈനെ നേരത്തെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു, പിന്നീട് പാർട്ടി കുറ്റവിമുക്തനാക്കിയതോടെ ചുമതലകളിൽ തിരിച്ചെത്തി. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലും ആരോപണ വിധേയനാണ്.