കാലടി: മലയാറ്റൂർ നീലീശ്വരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കമുണ്ടായ 72 കുട്ടികളും അവരുടെ രക്ഷിതാക്കളും നിരീക്ഷണത്തിൽ. ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സായ ഇവർ പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യകേന്ദ്രത്തിലെ 21 പേരെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി. ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 49 പേരുണ്ട്. ദമ്പതികൾ നീലീശ്വരം, കമ്പനിപ്പടി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചരിച്ചതായി വിവരമുണ്ട്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. രണ്ടുപേരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ചായക്കടകൾ, ബസ് സ്റ്റോപ്പ്, ബാങ്ക് എന്നിവിടങ്ങൾ അണുവിമുക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബിയും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആതിര ദിലീപും പറഞ്ഞു.