കൊച്ചി : കാസർകോട് മദ്രസ അദ്ധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കേളുഗുഡെ ഗംഗൈ കേശവകുടീരത്തിൽ അഖിലേഷ് എന്ന അഖിലിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മുൻപ് ഒരുതവണ തള്ളിയതാണ്.
2017 മാർച്ച് 20നു അർദ്ധരാത്രിയിലാണ് അഖിലേഷും മറ്റു പ്രതികളായ അജേഷ്, നിതിൻ എന്നിവരും ചേർന്ന് കാസർകോട് ചൂരിയിലെ മൊഹിയുദ്ദീൻ പള്ളിയോടു ചേർന്നുള്ള മുറിയിൽ താമസിച്ചിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. ഇവരെ രണ്ടു ദിവസത്തിനുശേഷം പൊലീസ് അറസ്റ്റുചെയ്തു. മാർച്ച് 18ന് ചൂരിയിൽ മേഖലയിൽ നടന്ന കായിക മത്സരത്തിനിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.