കൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്യും. പാഴ്സലായി സാധനമെത്തും. പിടിക്കപ്പെടാതിരിക്കാൻ വിലാസത്തിൽ പിശകുണ്ടാവും. ഏതെങ്കിലും വിധത്തിൽ കുടുങ്ങുമെന്നായാൽ ലഹരിവസ്തു ഉപേക്ഷിക്കും. കൗമാരക്കാർക്കായുള്ള ലഹരിക്കടത്തിന്റെ ന്യൂജെൻ മോഡലാണിത്.
ഓൺലൈനിലൂടെ ഇടപാടുകൾ നടത്തുമ്പോൾ വിലാസത്തിലും ബന്ധപ്പെടാനുള്ള നമ്പരിലും ചെറിയ പിശകുകൾ വരുത്തുന്നതാണ് തന്ത്രം. വിലാസക്കാരനെ കണ്ടെത്താനാവാത്തതിനാൽ പാഴ്സൽ ഓഫീസിൽ അത് സൂക്ഷിക്കും. ഈ സമയത്ത് അവകാശി ഓഫീസിലെത്തും. പാഴ്സൽ ഓർഡർ ചെയ്തെന്നും കിട്ടിയില്ലെന്നും പറയും. പേര് പരിശോധിക്കുന്നതോടെ സാധനം ലഭിക്കും. നമ്പരിലും മേൽവിലാസത്തിലും തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് പണം നൽകി പാഴ്സലുമായി ഇടപാടുകാരൻ മുങ്ങും. ഈ തന്ത്രം കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയതോടെ കൊറിയറുകാർക്ക് പിടിവീണു. അവരെയും കേസിൽ പ്രതികളാക്കാൻ തുടങ്ങി. സംശയകരമായ കൊറിയർ എത്തിയാൽ അറിയിക്കണമെന്ന സംസ്ഥാന പൊലീസ് - കസ്‌റ്റംസ് നിർദ്ദേശങ്ങളും നടപ്പിലായതോടെ ഈ വർഷത്തിന്റെ തുടക്കത്തിൽ പാഴ്സൽ സർവീസിലൂടെയുള്ള ലഹരിക്കടത്ത് കുറഞ്ഞു. ലോക്ക് ഡൗൺ വന്നതോടെ പഴ്സൽസർവീസും ഇല്ലാതായി. അതിൽ ഇളവു വന്നതോടെ വീണ്ടും പാഴ്സൽലഹരി വന്നേക്കുമെന്ന മുൻകരുതലിലാണ് പൊലീസും കസ്റ്റംസും.
ബാരൽലഹരി പുതിയ തന്ത്രം
ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ ബാരലിൽനിന്ന് കഴിഞ്ഞദിവസം 230കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഡീസലാണെന്ന് കരുതിയായിരുന്നു പൊലീസ് പരിശോധന. ബാരലിനുള്ളിൽ ചൈനീസ് തേയില കമ്പനിയുടെ പേരിലുള്ള പ്ളാസ്റ്റിക് കവറുകളിൽ പായ്ക്കുചെയ്ത നിലയിലായിരുന്നു ലഹരിമരുന്ന്. കടൽമാർഗം ശ്രീലങ്കയിൽ എത്തിച്ച് അവിടെനിന്ന് മലേഷ്യയിലേക്ക് കടത്താനുള്ള ശ്രമമെന്ന് കരുതുന്നു. ഇതിനായി മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നതായാണ് സംശയം. കടൽമാർഗമുള്ള ലഹരിക്കടത്തിനെക്കുറിച്ച് നർക്കാേട്ടിക് കൺട്രോൾബ്യൂറോ അന്വേഷണം തുടങ്ങി.കഴിഞ്ഞവർഷം കൊച്ചിയിൽ പാഴ്സൽ സർവീസിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 200 കോടിയുടെ മെത്തഫിറ്റാമിൻ പിടികൂടിയിരുന്നു.
സിന്തറ്റിക് ലഹരി
കൃത്രിമമായി നിർമ്മിക്കുന്ന(സിന്തറ്റിക്) ലഹരി വസ്തുക്കളാണ് കൗമാരക്കാർക്കിടയിലെ താരം. വില കുറവും ലഹരി കൂടുതലുമാണിതിന്. ഇതിൽ മുൻനിരയിലാണ് മെത്തഫിറ്റമിൻ (മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ). ക്രിസ്റ്റൽ രൂപത്തിൽ വെളുത്ത പൊടിയായും കുത്തിവയ്ക്കാവുന്ന വിധത്തിലും ലഭ്യം. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിർമ്മിക്കുന്നുവെന്ന വിവരം മാത്രമാണ് ഇതുവരെ അന്വേഷണ ഏജൻസികൾക്കുള്ളത്. ഇന്ത്യയിൽനിന്ന് ഇത് വിദേശരാജ്യങ്ങളിലേക്കും കടത്തുന്നു.
കൊക്കൈയ്‌ൻ സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ഗൾഫു നാടുകളിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്. പ്രകൃതിദത്ത ലഹരി, സെമി സിന്തറ്റിക്, സിന്തറ്റിക് എന്നീ മൂന്നു വിധിത്തിലാണ് ലഹരിയെ തരംതിരിച്ചിരിക്കുന്നത്. സിന്തറ്റിക് ഏറ്റവും മാരകവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്.
''സിന്തറ്റിക് ലഹരികൾ കൂടുതലായി കടത്തുന്നത് പാഴ്സൽ സർവീസുകളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ പിടികൂടാൻ സംവിധാനമൊരുക്കി.വിശദാംശം വെളിപ്പെടുത്താനാകില്ല.
-ബ്രൂണോ,ഡയറക്‌ടർ,
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ചെന്നൈ സോൺ