കൊച്ചി: കൊവിഡിന് പിന്നാലെ ഭീഷണികളുയർത്തി ജില്ലയിൽ പലവിധ പനിരോഗികളുടെ എണ്ണം കൂടുന്നു. ഡെങ്കിപ്പനിയ്ക്ക് പിന്നാലെ എലിപ്പനി ഭീഷണിയാണ് ഇപ്പോൾ പ്രശ്നം.

രോഗികളുടെ എണ്ണം കുറവാണെങ്കിലും ആരോഗ്യത്തിന് ഭീഷണി എലിപ്പനിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലമായതോടെ വിവിധയിടങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതാണ് എലിപ്പനി പടരാൻ മുഖ്യകാരണം.

എലിയുടെയോ കന്നുകാലിയുടെയോ മൂത്രത്തിലൂടെയാണ് ലെക്ടോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യശരീരത്തിലെ മുറിവിലൂടെ അകത്ത് കയറിപ്പറ്റുക. ഡെങ്കിപ്പനിയേക്കാൾ മാരകമായി ആന്തരീകാവയവങ്ങളെ എലിപ്പനി ബാധിക്കും.

ശരീരവേദനയും പനിയുമായാണ് തുടക്കം. അപ്പോഴേ ചികിത്സിച്ചില്ലെങ്കിൽ രോഗം കിഡ്നിയെയും കരളിനെയും ബാധിക്കാം.

തൊഴിലുറപ്പ് ജോലിക്കാർ, പാടത്തെ പണിക്കാർ, കന്നുകാലികളെ പരിപാലിക്കുന്നവർ എന്നിങ്ങനെ മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിൻ ആഴ്ചയിൽ ഒരിക്കൽ രണ്ട് ഗുളിക കഴിക്കണം. പനി വന്നാൽ സ്വയം ചികിത്സയ്ക്ക് നിൽക്കരുത്. വേദനാസംഹാരി വേദനയും രോഗലക്ഷണവും കുറയ്ക്കും. അതോടൊപ്പം രക്തത്തിലെ കൗണ്ടും കുറയുന്നത് കുറച്ച് ദിവസത്തിനുള്ളിൽ രോഗം മാരകമാക്കാൻ സാധ്യതയുണ്ട്.

കണ്ണിലെ ചുവപ്പ്, ശരീരത്തിലെ ചുവന്ന തടിപ്പുകൾ, രക്തസമ്മർദ്ദത്തിലെ വ്യത്യാസം എന്നിവ രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ചെയ്യേണ്ടത്

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

സ്വയം ചികിത്സ അരുത്

പൂർണ്ണ വിശ്രമം നിർബന്ധം

മലിനജലവുമായി സമ്പർക്കമുള്ളവർ പ്രതിരോധ മരുന്ന് കഴിക്കണം

ജനുവരി 1 മുതൽ ജൂൺ 23 വരെയുള്ള കണക്ക്

രോഗം - രോഗം സ്ഥിരീകരിക്കപ്പെട്ടവർ - സംശയിക്കപ്പെടുന്നവർ

ഡെങ്കിപ്പനി - 108 - 1376

എലിപ്പനി - 4 - 83

'' തുടക്കത്തിൽ മരുന്ന് കൊണ്ട് തന്നെ ഭേദമാകുന്ന രോഗമാണ് എലിപ്പനി. പലരും അശ്രദ്ധയോടെയാണ് പനിയെ കൈകാര്യം ചെയ്യുന്നത്. കൊവിഡ് കാലമായതിനാൽ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കാനാണ് പലരും സ്വയം ചികിത്സ ചെയ്യുന്നത്. രോഗലക്ഷണം കുറഞ്ഞാലും കൂടുതൽ ടെസ്റ്റുകൾ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും ചെയ്യണം.''

ഡോ.വിനോദ്

ജില്ലാ സർവെയ്ലൻസ് ഓഫീസർ

എറണാകുളം