അങ്കമാലി: ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള 'തോട്ടങ്ങളിലേക്ക് നീങ്ങാം' കാമ്പയിൻ അങ്കമാലി നിയോജകമണ്ഡലത്തിലാരംഭിച്ചു. മൂക്കന്നൂർ കോക്കുന്നിലുള്ള വിവിധ റബർ തോട്ടങ്ങൾ സന്ദർശിച്ച് ശുചീകരണം നടത്തി. റോജി എം. ജോൺ എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തര്യൻ, ലീലാമ്മ പോൾ, വി.സി. കുമാരൻ, ബീന ജോൺസൺ, മെഡിക്കൽ ഓഫീസർ ഡോ. അനുരൂപ് ജോസഫ്, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു എന്നിവർ പ്രസംഗിച്ചു.
തോട്ടം മേഖലകളിൽ ഡെങ്കിപ്പനി പരത്തുന്ന 'ഈഡിസ്' കൊതുകിന്റെ വർദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തോട്ടങ്ങളിലെ സജീവ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാമ്പയിൻ ആരംഭിച്ചത്.