കൊച്ചി: ഇന്നു കിട്ടും, നാളെ കിട്ടുമെന്ന പ്രതീക്ഷയിൽ കുടിശികയ്ക്ക് വേണ്ടി കരാറുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. കുടിശിക 100 കോടിയിലെത്തി. കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഇനി മൂന്നു മാസം മാത്രം.
കരാറുകാരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ഇടക്കാല ആശ്വാസമെന്ന നിലയിൽ 10 കോടി രൂപ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്ട് എടുക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ കൗൺസിൽ യോഗം തീരുമാനിച്ചു. ലോണിന്റെ അംഗീകാരത്തിനായി മന്ത്രി എ.സി.മൊയ്തീന്റെ ഓഫീസിൽ ഫയൽ എത്തിയിട്ട് മൂന്നു മാസമായെങ്കിലും സർക്കാരിന്റെയോ കൗൺസിലിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

# കരാറുകാർ പ്രതിസന്ധിയിൽ

പണിക്ക് ഒരു കുറവുമില്ല. ചെയ്ത കൂലിക്ക് കാശുമില്ല. ഇതാണ് തങ്ങളുടെ അവസ്ഥയെന്ന് കരാറുകാർ പറയുന്നു. ഭൂരിഭാഗം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പലരും പാതിവഴിയിൽ പണി ഉപേക്ഷിച്ചു. ഇതിനിടെ ഉറക്കം കെടുത്തി ബാങ്ക് നോട്ടീസുകൾ .ചെറുകിട കരാറുകാർ ഈ തൊഴിൽ മേഖല തന്നെ ഉപേക്ഷിക്കുകയാണ്. പത്തു കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രകാലവും മുന്നോട്ടു നീങ്ങിയത്. മാർച്ചിൽ പണം നൽകുമെന്നാണ് കരുതിയത്. അതിനിടെ കൊവിഡ് വന്നതോടെ എല്ലാ വഴികളും അടഞ്ഞു. ഈയൊരു സാഹചര്യത്തിൽ കരാറുകാരുടെ കുടിശിക തീർക്കുന്നതിന് സർക്കാരും നഗരസഭയും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ കോൺട്രാക്ടേഴ്‌സ് ഹോറം പ്രസിഡന്റ് കുമ്പളം രവിയും,ജനറൽ സെക്രട്ടറി കെ.എ.സെയ്ദുമുഹമ്മദും പറഞ്ഞു.

#സർക്കാർ അനങ്ങുന്നില്ല

കരാറുകാർ വളരെ ബുദ്ധിമുട്ടിലാണെന്ന് അറിയാം. എന്നാൽ ഞങ്ങൾ നിസഹായരാണ്. സർക്കാരിന്റെ അനുമതി ലഭിക്കാതെ ഓവർ ഡ്രാഫ്റ്റ് എടുക്കാൻ കഴിയില്ല. ഈ ആവശ്യവുമായി മന്ത്രി എ.സി.മൊയ്തീനെ പലവട്ടം സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ബാങ്കിൽ നിന്ന് ലോണെടുത്താൽ ആറു മാസം കൊണ്ട് അടച്ചു തീർക്കാമെന്ന് ഉറപ്പുണ്ട്. ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണം

കെ.ആർ.പ്രേമകുമാർ,ഡെപ്യൂട്ടി മേയർ