മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.ആർ.സി പത്ത് കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനസൗകര്യമൊരുക്കി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി സമഗ്രശിക്ഷ കേരള ബി.ആർ.സികൾ വഴി ടിവി വിതരണം ചെയ്തുകൊണ്ടാണ് പഠന സൗകര്യമൊരുക്കിയത്. മൂവാറ്റുപുഴ ബി.ആർ.സിയുടെ പരിധിയിലുൾപ്പെട്ട നാല് തദ്ദേശസ്ഥാപനങ്ങളിലെ പത്ത് കേന്ദ്രങ്ങാളായ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ പബ്ലിക് ലൈബ്രറി ,പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി, മൂവാറ്റുപുഴ നഗരസഭയിലെ തീക്കൊള്ളി പാറ അങ്കണവാടി ,കുര്യൻമല കമ്മ്യൂണിറ്റി ഹാൾ, ഇ.എം.എസ് വായന ശാല രണ്ടാർ , വാളകം പഞ്ചായത്തിലെ വൈദ്യശാലപ്പടി സാംസ്കാരിക നിലയം ,അമ്പലംപടി വായനശാല ,ആരക്കുഴ പഞ്ചായത്തിലെ പെരുമ്പല്ലൂർ അങ്കണവാടി , പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി , മൂവാറ്റുപുഴ ബി.ആർ.സി ഓഫീസ് എന്നിവിടങ്ങളിലാണ് ഓൺലൈൻ പഠന സൗകര്യ മൊരുക്കിയത്. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രങ്ങളിലെത്തി പഠന ക്ലാസിൽ പങ്കെടുക്കുന്നതിന് എല്ലാ സൗകര്യവും ബി.ആർ.സി ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളും പഠന കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പഠന കേന്ദ്രത്തിലേക്ക് നൽകുന്ന ടിവി വിതരണോദ്ഘാടനം മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ തീക്കൊള്ളി പാറ അങ്കണവാടിക്ക് നൽകി. ബി.പി.ഒ രമാദേവി ,ബെന്നി തോമസ്, സുധി ബഷീർ , പ്രജിത്ത്, എബിൻ, ആനി ജോർജ്ജ് എന്നിവർ പങ്കെടുത്തു.