കൊച്ചി : കൊല്ലം ഇൗസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.ബി.ഐ കോടതിയുടെ ശിക്ഷയ്ക്കെതിരായ അപ്പീലിനൊപ്പം പ്രതികൾ സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

ഒന്നാം പ്രതി ജിണ്ട അനി എന്ന വിനേഷ്, രണ്ടാം പ്രതി കണ്ടെയ്‌നർ സന്തോഷ്, മൂന്നാം പ്രതി പെന്റി എഡ്വിൻ, ആറാം പ്രതി ഡിവൈ.എസ്.പി സന്തോഷ്‌ നായർ എന്നിവർക്ക് സി.ബി.ഐ കോടതി കഴിഞ്ഞ മേയ് 25 നാണ് പത്തു വർഷം കഠിനതടവും പിഴശിക്ഷയും വിധിച്ചത്. ഡിവൈ.എസ്.പി സന്തോഷ്‌ നായർ കൊല്ലത്തെ ആശ്രാമം ഗസ്റ്റ്ഹൗസിൽ നടത്തിയ മദ്യസത്കാരത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു മാദ്ധ്യമ പ്രവർത്തകനും ചോർത്തി നൽകിയെന്ന പേരിൽ പ്രതികൾ എ.എസ്.ഐ ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പൊലീസ് അന്വേഷണത്തിനിടെ കേസിന്റെ ഫയലുകൾ കാണാനില്ലെന്ന പരാതിയും ഉയർന്നിരുന്നു. തുടർന്ന് എ.എസ്.ഐ ബാബുകുമാറിന്റെ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.

കേസിൽ മതിയായ തെളിവുകളില്ലാതെയാണ് വിചാരണക്കോടതി കടുത്ത ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികൾ അപ്പീൽ നൽകിയത്. എന്നാൽ, മറ്റു ക്രിമിനൽ കേസുകളിലും ഇവർ പ്രതികളായതിനാൽ ഇൗ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാക്കുമെന്നും സി.ബി.ഐ അഭിഭാഷകൻ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം പൂർത്തിയായി.