കൊച്ചി : ഇടുക്കി ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ അടയാളപ്പെടുത്തി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മൂന്നാർ, പള്ളിവാസൽ എന്നിവയടക്കമുള്ള മേഖലകളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ അടയാളപ്പെടുത്തണമെന്നാണ് സിംഗിൾബെഞ്ച് നിർദ്ദേശം. പള്ളിവാസൽ പരിസ്ഥിതി ദുർബല മേഖലയാണെന്ന പേരിൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഇടുക്കി സ്വദേശി മനു വിൽസൺ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ജൂലായ് 16ന് ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് പദ്ധതി തയ്യാറാക്കി നൽകാനാണ് ഇടുക്കി ജില്ലാ കളക്ടറോടു നിർദേശിച്ചിട്ടുള്ളത്. പരിസ്ഥിതി ദുർബല മേഖല ഏതാണെന്ന് കൃത്യമായി അടയാളപ്പെടുത്താതെ ഇതിന്റെ പേരിൽ അപേക്ഷകൾ നിരസിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.