തൃക്കാക്കര: കൊവിഡ് ഭീതിയെ തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി ആർ.ടി.ഓഫീസിലെത്തുന്ന ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച താത്കാലിക കൗണ്ടർ സംവിധാനം താളം തെറ്റിയ നിലയിൽ.എറണാകുളം കളക്ടറേറ്റ് കോംബൗണ്ടിൽ പുതിയ വാഹനങ്ങൾ ടെസ്റ്റിനായി പരിശോധിക്കുന്ന സ്ഥലത്താണ് താത്കാലിക കൗണ്ടർ സംവിധാനം ഒരുക്കിയിരിക്കുന്നത്.സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആർ.ടി.ഓഫീസിലെ തിരക്ക് നിയന്ത്രിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.പത്തുമണി മുതൽ ഒരു മണിവരെയാണ് കൗണ്ടറിന്റെ പ്രവർത്തണം.എന്നാൽ ഇന്നലെ പത്തരയായിട്ടും താത്കാലിക കൗണ്ടറിൽ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നു മാത്രമല്ല സാമൂഹിക അകലം പോലും പാലിക്കാതെയാണ് ക്യൂ ഒരുക്കിയിരിക്കുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ ആരും തന്നെ ഉണ്ടായിരുന്നുമില്ല.ജനങ്ങൾ നിന്ന് മടുത്തതോടെ ബഹളം വക്കാൻ ആരംഭിച്ചു.തുടർന്ന് പതിനൊന്ന് മണിയോടെയാണ് ഉദ്യോഗസ്ഥൻ കൗണ്ടറിൽ എത്തിയത്.തുടർന്നും ജനങ്ങൾ സാമൂഹിക അകലം പാലിച്ചില്ല.