തോപ്പുംപടി:കൊവിഡ് കാലത്ത് സർക്കാർ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് മിനിമം12 രൂപയായി ഉയർത്തി. എന്നാൽ പൊടുന്നനെ അത് 8 രൂപയിലേക്ക് തിരിച്ച് വന്നതോടെ സ്വകാര്യ ബസ് സർവീസ് കട്ടപ്പുറത്തേക്ക് തിരിച്ചു കയറുന്ന സ്ഥിതിയായി മാറുന്നു. കൊവിഡ് കാലത്ത് മാത്രം നികുതി ഒഴിവാക്കിയതല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.36 പേരിൽ കൂടുതൽ യാത്രക്കാരെ ബസിൽ കയറ്റാൻ പാടില്ലെന്നാണ് ചട്ടം.ചട്ടം ലംഘിച്ചാൽ 5000 രൂപ പിഴ. ആളെ കൂടുതൽ കയറ്റിയാൽ യാത്രക്കാർ തന്നെ അധികാരികളെ വിവരം അറിയിക്കും. റൂട്ട് സഹിതം 36 ലക്ഷം രൂപക്ക് വില്പന നടത്തിയിരുന്ന സ്വകാര്യ ബസ് ഇപ്പോൾ 16 ലക്ഷം രൂപക്കും ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. ആലുവ - കാക്കനാട് ഭാഗത്ത് ജീവനക്കാർ ബസ് സർവീസ് നടത്താതിരിക്കാൻ ഉടമകൾ ബസിന്റെ ചക്രം വരെ ഊരി കൊണ്ടുപോയ സ്ഥിതിയാണ്.
#ഈ മാസം 30 മുതൽ ബസ് സർവീസ് നിർത്തും
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഡീസൽ വില ഉയർന്നിട്ടും സർക്കാർ അനങ്ങാപാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഈ മാസം 30 മുതൽ സ്വകാര്യ ബസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. നഷ്ടം സഹിച്ച് ഇനി ഓടാൻ വയ്യ എന്നാണ് ഇവരുടെ സ്ഥിതി.
#സർവീസ് നഷ്ടത്തിൽ
ആലുവ പെർമിറ്റിൽ ദിനംപ്രതി 13000 രൂപ കളക്ഷൻ ഉണ്ടായിരുന്ന സ്ഥാനത്ത് അത് വെറും 5000 രൂപ മാത്രമായി മാറി. 3500 രൂപ ഡീസലും ജീവനക്കാരുടെ കൂലിയും നൽകി കഴിഞ്ഞാൽ ഉടമകൾ സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകേണ്ട സ്ഥിതിയായി മാറി. ബസ് ഡ്രൈവർക്ക് കൂലി 1300 എന്നത് 400 ആയി മാറി. കണ്ടക്ടർക്ക് 200.