ആലുവ: ശ്രീമൂലനഗരത്ത് കോവിഡ് ബാധിതയായ ആരോഗ്യ പ്രവർത്തക പിഞ്ചുകുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവാണ് ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോഓഡിനേറ്റർ എൻ.എം. അമീർ ആരോപിച്ചു.
പ്രതിരോധ കുത്തിവെപ്പെടുക്കാൻ ചുമതലപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. ഇതേ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമായിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കറ്റകരമായ അനാസ്ഥ കാട്ടിയതാണ് പ്രതിരോധ കുത്തിവെപ്പുനടത്തിയ 72 പിഞ്ചു കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾ ആശങ്കയിലാകാൻ കാരണം. കഴിഞ്ഞ 23നാണ് ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇവരുടെ ഭർത്താവിനും പിന്നീട് രോഗം സ്ഥിരീകരിക്കപ്പെട്ടു. ശ്രീമൂലനഗരം പഞ്ചായത്തിലെ ആറ് വാർഡുകളിലെ കുട്ടികൾക്കാണ് ഇവർ പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. ചില കുട്ടികൾക്ക് തുള്ളിമരുന്നും നൽകി. ഈ വാർഡുകളാണ് ജില്ലാ കളക്ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്.
കൂലിത്തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും ഏറെയുള്ള വാർഡുകളിലാണ് സമ്പൂർണ ലോക് ഡൗൺ. അതിനാൽ ഇവർക്ക് വേണ്ട ആശ്വാസ നടപടികൾ സ്വീകരിക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ അധികാരികളും തയ്യാറാകണമെന്നും അമീർ ആവശ്യപ്പെട്ടു.