പറവൂർ : ചാത്തനാട് പാലത്തിൽ റീത്ത് വെയ്ക്കുകയും നിൽപ്പുസമരം നടത്തുകയും ചെയ്ത ഇടതുമുന്നണിക്കാർ യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റി (ജിഡ) ഓഫീസിന് മുന്നിലാണ് റീത്ത് വെക്കേണ്ടിയിരുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

ചാത്തനാട് - കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നത് ജിഡയുടെ അനാസ്ഥയും സ്ഥലമെടുപ്പിലുണ്ടായ കാലതാമസവുമാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരേയൊരു പ്രാവശ്യമാണ് ജിഡയുടെ ജനറൽ കൗൺസിൽ ചേർന്നത്. ഇടതുസർക്കാർ അധികാരത്തിൽ വന്ന് രണ്ടരവർഷത്തിന് ശേഷമാണ് ജിഡ പുനസംഘടിപ്പിച്ചത്. പാലത്തിനപ്പുറം വൈപ്പിൻ നിയോജകമണ്ഡലവും ഇപ്പുറം പറവൂർ നിയോജക മണ്ഡലവുമാണ്. പാലത്തിന്റെ പണി വൈകുന്നതിനു പറവൂർ എം.എൽ.എ മാത്രം ഉത്തരവാദിയാകുന്നത് എങ്ങിനെയാണ്. പറവൂർ നിയോജക മണ്ഡലത്തിലെ 45 ഭൂഉടമകൾ അപ്രോച്ച് റോഡ് നിർമ്മിക്കാൻ വളരെ നേരത്തെ മുൻകൂർ അനുമതി നൽകിയിട്ടും വൈപ്പിൻ നിയോജക മണ്ഡലത്തിലെ 18 പേരിൽ നാല് പേർ സമ്മതപത്രം നൽകാത്തതാണ് സ്ഥലമെടുപ്പ് നീണ്ടുപോകാൻ ഒരു കാരണം. രണ്ട് വർഷത്തോളം സ്ഥലമെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേയും ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. ജൂലായ് 14, 16 തീയതികളിൽ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ഭൂ ഉടമകളുടെ ഹിയറിംഗ് വച്ചിരിക്കുകയാണ്. അത് പൂർത്തിയായാൽ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്നും സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാകുന്നതായി അറിഞ്ഞത് കൊണ്ടാണ് ചിലർ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്നും വി.‌ഡി. സതീശൻ പറഞ്ഞു.