മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ കാമ്പയിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15ലക്ഷം രൂപ മുതൽ മുടക്കി ഹിറ്റാച്ചിയും 29 ലക്ഷം രൂപ മുതൽ മുടക്കി ഫ്ലോട്ടിംഗ് ജെസിബിയും വാങ്ങി നിയോജക മണ്ഡലത്തിലെ അഗ്രോസെന്ററുകൾക്ക് കൈമാറുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. വർഷങ്ങളായി കൃഷി ഇറക്കാതെ കിടന്ന പാടശേഖരങ്ങളിൽ വെള്ളത്തിൽ ഇറങ്ങി നിലം ഒരുക്കുന്നതിന് ഫ്ലോട്ടിംഗ് ജെ.സി.ബിയാണ് വേണ്ടത്. ജില്ലയിൽ ജില്ലാ പഞ്ചായത്തിന് ഒരു ഫ്ലോട്ടിംഗ് ജെ. സി. ബിയാണുള്ളത്. തിരക്ക് കാരണം ഇത് പലപ്പോഴും സമയത്ത് ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫ്ലോട്ടിംഗ് ജെ.സി.ബി വാങ്ങുന്നത്. നിയോജക മണ്ഡലത്തിൽ മൂവാറ്റുപുഴമഞ്ഞള്ളൂർ അടക്കം രണ്ട് അഗ്രോസെന്റുകളാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ ടെക്‌നിഷ്യൻമാരെയും ടില്ലറും ടാക്ടറും അടക്കമുള്ള കാർഷിക ഉപകരണങ്ങളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും. പദ്ധതിയ്ക്കായി പാടശേഖരങ്ങളുടെ തോടുകളുടെയും റോഡുകളുടെയും റാമ്പുകളുടെയും കുളങ്ങളുടെയും അടക്കമുള്ളവയുടെ നവീകരണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകളും വിനിയോഗിക്കുമെന്നും എം.എൽ.എ പറഞ്ഞു.