ആലുവ: വർഷകാലത്ത് പെരിയാറിൽ ഒന്നരമീറ്റർ വെള്ളം ഉയർന്നാൽ തുരുത്ത് ഗ്രാമം കൂരിരുട്ടിലാകും. ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും കെ.എസ്.ഇ.ബി അധികൃതർക്ക് അത് വിഷയമല്ല. വർഷങ്ങളായുള്ള സ്ഥിതി വിശേഷമാണിത്. ഇത് സംബന്ധിച്ച് നാട്ടുകാർ പലവട്ടം പരാതി നൽകിയെങ്കിലും പരിഹാരമില്ലെന്നുമാത്രം.
നാല് വശവും പെരിയാറിനാൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്. തുരുത്തിലെ പടിഞ്ഞാറ് ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ടാറിംഗിനോട് ചേർന്നാണ് ലക്ഷ്മി കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വർഷകാലത്തും പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ പാടശേഖരം വഴി കയറി വരുന്ന വെള്ളത്തിൽ ട്രാൻസ്ഫോർമറും മുങ്ങും. വെള്ളം മുങ്ങുന്നതിന് മുമ്പായി കെ.എസ്.ഇ.ബി ജീവനക്കാരെത്തി. ഫ്യൂസും ഊരി ലൈൻ ഓഫ് ചെയ്യും. ദിവസങ്ങൾ കഴിഞ്ഞ് വെള്ളം ഇറങ്ങിയശേഷം മാത്രമായിരിക്കും പിന്നീട് ട്രാൻസ്ഫോർമർ ചാർജ് ചെയ്യുക. മഴ നീളുന്നത് അനുസരിച്ച് തുരുത്തിലെ ഇരുട്ടിന്റെ ദൈർഘ്യവും നീളും.
# തറ ഉയർത്തിയാൽ തീരാവുന്ന പ്രശ്നം
ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ള തറ ഉയർത്തിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് അനാവശ്യമായി കെ.എസ്.ഇ.ബി അധികാരികൾ വലിച്ചുനീട്ടുന്നത്. തറ ഉയർത്തിയാൽ നാട്ടുകാർക്ക് വെളിച്ചം മുടങ്ങുകയുമില്ല, വർഷകാലത്തെ അപായഭീതിയും വഴിമാറും. നിലവിൽ ട്രാൻസ്ഫോർമറിന് ചുറ്റും സുരക്ഷാവേലിയും സ്ഥാപിച്ചിട്ടില്ല. അതിനാൽ ഇതുവഴി യാത്ര ചെയ്യുന്ന കുട്ടികളടക്കമുള്ളവർക്ക് വലിയ ഭീഷണിയാണ്. ട്രാൻസ്ഫോർമർ കൂടുതൽ ഉയർത്തി വച്ച് സംരക്ഷണ വേലി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വര കെ.എസ്.ഇ.ബി അധികൃതർക്ക് തുരുത്ത് പെരിയാർ റസിഡന്റ്സ് അസേസിയേഷൻ നിവേദനം നൽകി.