കൊച്ചി: ഒരു ടൂറിസം സീസണും അവധിക്കാലവും ആളനക്കമില്ലാതെ കഴിഞ്ഞുപോയി. ദിനംപ്രതി പതിനായിരങ്ങൾ എത്തുന്ന മറൈൻഡ്രൈവിന്റെ വീഥികൾ നിശ്ചലമായിട്ട് മാസം മൂന്ന്. സീസണിൽ പ്രതിദിനം 5000 രൂപ വരെ ലഭിച്ചിരുന്ന കച്ചവടക്കാർ 300 രൂപ തികയ്ക്കാൻ കഷ്ടപ്പെടുകയാണ്. മൂന്നു മാസമായി വിനോദസഞ്ചാര ബോട്ടുകൾ കായലരികത്ത് കെട്ടിയിട്ടിട്ട്. അതിജീനത്തിന് ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണിവർ.
വിട്ടൊഴിഞ്ഞു പോയ കൈനോട്ടക്കാർ മുതൽ ഉപജീവനത്തിന് പൈനാപ്പിളും മാങ്ങയും മാലയും വിറ്റിരുന്നവർ, അന്യസംസ്ഥാനക്കാരായ കച്ചവടക്കാർ ഇവരെല്ലാം ഉപജീവനമാർഗമടഞ്ഞതോടെ വിട്ടുപോയി.വിദേശികളും ആഭ്യന്തര സഞ്ചാരികളും ഉൾപ്പെടെ കൊച്ചിയിലെത്തുന്ന ഏതൊരാളും കൊച്ചി മറൈൻഡ്രൈവിലെ കായൽക്കാഴ്ച്ച കാണാതെ പോവില്ല. എറണാകുളം മാർക്കറ്റിൽ സാധനങ്ങളെടുക്കാനെത്തുന്ന ഓന്നോ രണ്ടോ പേർ ഇവിടെ എത്തിയാലായി.
നശിച്ചു തുടങ്ങി സഞ്ചാര ബോട്ടുകൾ
ചെറുതും വലുതമായ 120 ബോട്ടുകളാണ് മറൈൻഡ്രൈവിൽ സഞ്ചാരികളെ കാത്തുകിടക്കുന്നത്. മാസങ്ങളായി വെള്ളത്തിൽ കിടക്കുന്നതിനാൽ ഇവ പലതും നശിച്ചു തുടങ്ങി. ജീവനക്കാർ മൂന്നു ദിവസം എത്തുമ്പോൾ എൻജിൻ ഓണാക്കുന്നതല്ലാതെ ഓടിക്കാൻ മാർഗമില്ല. ബോട്ടുകളിൽ പലതിലും മഴയത്ത് വെള്ളം കയറി. കായലിൽ മുങ്ങിപ്പോയ ബോട്ടുകളുമുണ്ട്. ഇവയെല്ലാം പൂർവ സ്ഥിതിയിലാക്കാൻ ചെറിയ ബോട്ടുകൾക്ക് 20000 രൂപയ്ക്ക് മുകളിൽ വേണ്ടി വരും. എ.സി.ബോട്ടുകൾക്ക് ഒന്നേക്കാർ ലക്ഷം രൂപ ചെലവാകും.
പണിയില്ല, വരുമാനമില്ല
സർവീസ് നിലച്ചതോടെ മൂന്നു മാസമായി ആർക്കും ശമ്പളമില്ല. പലരും മറ്റു ജോലികൾ തേടി പോയി. മറ്റു മാർഗമില്ലാത്തവർ ബോട്ടുകളിൽ തന്നെ ഭക്ഷണമുണ്ടാക്കി കഴിഞ്ഞു കൂടുകയാണ്. പലർക്കും മറ്റൊരു തൊഴിൽ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് മുപ്പതു വർഷമായി ബോട്ട് ജീവനക്കാരനായ സുദർശൻ പറയുന്നു. സർക്കാർ ടൂറിസം മേഖലയിൽ ഉൾപ്പെടുത്തി സഹായിക്കും എന്ന പ്രതീക്ഷയിലാണെന്ന് സ്പീഡ് ബോട്ട് ഉടമയായ ജോഷി പറയുന്നു.
500 തികയ്ക്കാനാവാതെ കച്ചവടക്കാർ
ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഒറ്റമുറി കടകളിൽ വിറ്റിരുന്ന 30 ഓളം കടകൾ മറൈൻഡ്രൈവിലുണ്ട്. ഇവയെല്ലാം ജി.സി.ഡി.എയ്ക്ക് 20,000 മുതൽ 54,000 രൂപവരെ വാടക നൽകിയാണ് തുറന്നിരുന്നത്. ഇപ്പോൾ ദിവസം ലഭിക്കുന്നത് പരമാവധി 500 രൂപ. കടകളിൽ നാലു ജീവനക്കാർ വരെയുണ്ടായിരുന്നിടത്ത് ഒന്നോ രണ്ടോ പേർ. വാടക ഇളവിനായി ഇവർ ജി.സി.ഡി.എയെ സമീപിച്ചിട്ടുണ്ട്. അനുകൂലമായൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു.