കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പ്രതികൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മോഡലിംഗ് രംഗത്തുള്ള യുവതിയുടെ വെളിപ്പെടുത്തൽ. പിടിയിലായവർ സ്വർണക്കടത്തിന് നിർബന്ധിച്ചിരുന്നുവെന്നും ഇതിനെക്കുറിച്ച് മാർച്ച് മാസത്തിൽ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ആലപ്പുഴ സ്വദേശിയായ മോഡൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായെന്നുമുള്ള പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു.
സുഹൃത്ത് വഴി ഒരു ഷൂട്ടിങ്ങിനാണെന്ന് പറഞ്ഞാണ് പ്രതികൾ തന്നെ വിളിപ്പിച്ചതെന്ന് മോഡൽ വെളിപ്പെടുത്തി. പാലക്കാട് ഒരു ഹോട്ടൽ മുറിയിൽ എട്ട് ദിവസം പൂട്ടിയിട്ടു. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം നൽകിയത്. താനടക്കം എട്ട് യുവതികളാണ് അവിടെയുണ്ടായിരുന്നത്. പെൺകുട്ടികൾ ഇടയ്ക്കിടെ വന്നുപോയിരുന്നു. തടവിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിന് നിർബന്ധിച്ചെങ്കിലും പറ്റില്ലെന്ന് പറഞ്ഞു. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ വീട്ടുകാരെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. താൻ ബഹളം വച്ചതുകൊണ്ടാണ് വിട്ടയച്ചതെന്നും ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി വ്യക്തമാക്കി.
ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികൾ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തതായി സൂചനയുണ്ട്. സ്വർണക്കടത്ത് സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. യുവതികളെ പ്രലോഭിപ്പിച്ച് സ്വർണക്കടത്തിന് ഉപയോഗിക്കലായിരുന്നു സംഘത്തിന്റെ പതിവ്. ഇതിനായി പണവും സ്വർണവും വാഗ്ദാനം ചെയ്തു. കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും കമ്മിഷണർ വിജയ് സാഖറെ വ്യക്തമാക്കി.
ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കൂടുതൽ പേർ പരാതിയുമായെത്തിയത്. സ്വർണവും പണവും തട്ടിയെടുത്തുവെന്ന് കാട്ടി കടവന്ത്ര സ്വദേശിനിയായ നടിയും കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.